SportsTRENDING

പെലെ ഓർമ്മയായിട്ട് ഒരുവർഷം

കാൽപ്പന്തുകളിയിലെ രാജകുമാരനും ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസവുമായ പെലെ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംനേടിയ താരമാണ് പെലെ.1958,1962,1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടനേട്ടങ്ങള്‍.ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.
1957 ജൂലായ് ഏഴിന് അർജന്റീനയ്ക്കെതിരെയായിരുന്നു ബ്രസീൽ ജഴ്സിയിൽ പെലെയുടെ അരങ്ങേറ്റം.16 വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്.ആദ്യ മത്സരത്തിൽ തന്നെ പെലെ ഗോൾ നേടി.
1958-ൽ ആയിരുന്നു ലോകകപ്പിലെ അരങ്ങേറ്റം.കരിയറിലെ ആദ്യ മേജർ ടൂർണമെന്റ്.കാൽമുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയിൽ ഫ്രാൻസിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പെലെ സ്വന്തമാക്കി.സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോൾ നേടി.സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകർത്ത് അന്ന് ബ്രസീൽ കിരീടം നേടിയപ്പോൾ ആറു ഗോളുകൾ നേടിയ പെലെ ടൂർണമെന്റിലെ മികച്ച യുവതാരവുമായി.1970 ലോകകപ്പിൽ ഗോൾഡൻ ബോളും പെലെ സ്വന്തമാക്കി.
1971 ജൂലായ് 18-ന് റിയോ ഡി ജനെയ്റോയിൽ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീൽ ജേഴ്സിയിലെ പെലെയുടെ അവസാന മത്സരം.മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടിയ ശേഷമായിരുന്നു ആ പടിയിറക്കം.
ഒടുവിൽ 30 ഡിസംബർ 2022 ൽ തന്റെ 82-ാം വയസ്സിൽ ജീവിതത്തിൽ നിന്നുതന്നെ ആ ഫുട്ബോൾ മാന്ത്രികൻ വിടവാങ്ങി.ഇന്ത്യന്‍ സമയം രാത്രി 11.57ന് സാവോ പോളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ ആശുപത്രിയിലായിരുന്നു പത്താം നമ്പർ ജേഴ്സിയെ അനശ്വരമാക്കിയ ആ താരത്തിന്റെ അന്ത്യം.

Back to top button
error: