കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ (കെപിപിഎല്‍) വീണ്ടും തീപിടിത്തം. ഇന്നു രാവിലെ 4.45 ഓടെയാണു തീപിടിത്തമുണ്ടായത്. ബോയിലറിലേക്ക് കല്‍ക്കരി എത്തിക്കുന്ന കണ്‍വയറാണു കത്തിയത്. ആറരയോടെ തീ നിയന്ത്രണ വിധേയമായി. കടുത്തുരുത്തി, പിറവം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തി. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളിലല്ല തീപിടിത്തം ഉണ്ടായതെന്നു കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രൊഡക്ഷന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നും ഇവര്‍ അറിയിച്ചു. ഒക്ടോബര്‍ 5നു കെപിപിഎല്ലിലുണ്ടായ തീപിടിത്തത്തില്‍ പേപ്പര്‍ പ്രൊഡക്ഷന്‍ പ്ലാന്റില്‍ നാശമുണ്ടായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഈ മാസം ആദ്യമാണു പേപ്പര്‍ നിര്‍മാണം വീണ്ടും ആരംഭിച്ചത്.