ജറുസലേം: വെസ്റ്റ് ബാങ്കിലെ വീടുകള്‍ക്ക് നേരെ തുടരുന്ന ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടുവെന്ന് റിപ്പോര്‍ട്ട്. മാരകമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമായി ആശുപത്രികളിലേക്ക് പോയ ആംബുലന്‍സുകളാണ് സൈന്യം തടഞ്ഞിട്ടത്. തുല്‍ക്കറമിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മുമ്പും പരിക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ ഇസ്രായേല്‍ തടഞ്ഞിട്ടത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു.
ദുരന്തസ്ഥലങ്ങളിലേക്ക് പോയ റെഡ് ക്രോസ്, റെഡ് ക്രസന്റ് എന്നിവയുടെ ആംബുലന്‍സുകളാണ് സൈനിക വാഹനങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ തടഞ്ഞിട്ടത്. അതേസമയം, തുല്‍ക്കറമിലെ, നിരവധി വീടുകളില്‍ വ്യാപകമായി റെയ്ഡുകള്‍ നടക്കുകയാണ്. ആയുധങ്ങളുമായി ഇരച്ചു കയറിയ സൈന്യം സത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റെയ്ഡുകളില്‍ പ്രതിഷേധിച്ച ഫലസ്തീനികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്.
അതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 250 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 20,674 ഉം പരിക്കേറ്റവരുടെ എണ്ണം 54,536ഉം ആയി ഉയര്‍ന്നു. ബന്ദികളെ തിരിച്ചെത്തിക്കാന്‍ പുതിയ നിര്‍ദേശം ചര്‍ച്ച ചെയ്യുന്നതായി പ്രതിരോധ മന്ത്രി ബന്ധുക്കളെ അറിയിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.