കൊച്ചി കിഴക്കമ്പലത്തെ തട്ടുകടയിൽ കിട്ടുന്ന അതേ കപ്പ ബിരിയാണി വേണമെങ്കിൽ ബ്രസീലിന്റെ തലസ്ഥാനമായ റിയോയിലും കിട്ടും.
കപ്പയും കാപ്പിക്കുരുവും കപ്പലണ്ടിയും കേരളത്തിലേക്കു പോർച്ചുഗീസുകാർ കപ്പലിൽ കൊണ്ടുവന്നതു ബ്രസീലിൽനിന്നാണ്.
കപ്പ പുഴുങ്ങിയതും വാട്ടുകപ്പയും റിയോയിലെ ഏതു കടയിലുമുണ്ട്. അതിലൊന്നാണു ബ്രസീലുകാരുടെ പ്രാതൽ വിഭവമായ കപ്പ ബിരിയാണി.പേരു മറ്റെന്തോ ആണെങ്കിലും സംഗതി കപ്പയും പോത്തിറച്ചിയും ഒരുമിച്ചു വേവിച്ചെടുക്കുന്ന സ്വയമ്പൻ സാധനം തന്നെ.
രുചിയിൽ മാറ്റമൊന്നുമില്ല. എരിവ് ഇഷ്ടമില്ലാത്തവരാണു ബ്രസീലുകാർ. പക്ഷേ മലയാളിയാണെങ്കിൽ അവർ കണ്ടറിഞ്ഞ് കാന്താരി ചമ്മന്തി അതോടൊപ്പം വയ്ക്കും.
ബ്രസീലിലെ എല്ലാ ഭക്ഷണത്തിനൊപ്പവുമുണ്ടാകും കപ്പ. നടുവേ മുറിച്ച് ഉപ്പു ചേർത്തു പുഴുങ്ങുന്നതാണു ബ്രസീലുകാരുടെ പതിവ്.
പോർച്ചുഗീസുകാർ ആധിപത്യമേറ്റെടുത്ത കാലത്ത്, ബ്രസീലിലെ അടിമകൾക്കു നൽകിയിരുന്ന ഭക്ഷണം ഇപ്പോൾ എല്ലാ മുന്തിയ തീൻമേശകളിലും തലയെടുപ്പോടെയുണ്ട്.
ഇനി, പോർച്ചുഗീസ് മാത്രം സംസാരിക്കുന്ന രാജ്യത്തു മലയാളം പറഞ്ഞാലും അൽപസ്വൽപം പിടിച്ചു നിൽക്കാം. കസേര, തൂവാല, പാതിരി തുടങ്ങിയ മലയാളം വാക്കുകൾ പോർച്ചുഗീസുകാരുടെ സംഭാവനയാണല്ലോ….!
വിമാനത്താവളത്തിൽ അനൗൺസ്മെന്റിനിടെ ജനാല എന്നു കേട്ടാൽ അന്തം വിടരുത്. വിൻഡോ സീറ്റുള്ള യാത്രക്കാരെ വിളിക്കുകയാണ്.ഏതെങ്കിലുമൊരു ഭക്ഷണശാലയിൽ ചെന്നിട്ട് ബർഗറിൽ അൽപം സവാള കൂടി വേണമെന്നു തോന്നിയാൽ, സവാള എന്നു പറഞ്ഞാൽ മതി.അവർക്കു കാര്യം പിടികിട്ടും, സവാള ഗിരി ഗിരി… യേത്!
പ്രാതലിനു പഴം നിർബന്ധമാണവർക്ക്. ഞാലിപ്പൂവനും പാളയൻകോടനുമൊക്കെ വേണമെന്നു വാശിപിടിക്കരുത്. പക്ഷേ, കിട്ടുമെന്നുറപ്പുള്ള ഒന്നുണ്ട്; നേന്ത്രപ്പഴം. പുഴുങ്ങിയും പുഴുങ്ങാതെയും ഏതുവിധത്തിലും കിട്ടും.
ഭക്ഷണം ബ്രസീലുകാർക്കൊരു ലഹരിയാണ്. അൽപം ലഹരി വേണമെന്നു തോന്നിയാൽ അതിലുമുണ്ടൊരു കേരള ടച്ച്.’കയ്പരിഞ്ഞ’ എന്ന പേരിൽ കിട്ടുന്ന സോമരസം കലക്കിയെടുക്കുന്നതൊരു കാഴ്ചയാണ്.നാരങ്ങയും പഞ്ചസാരയും കരിമ്പു വാറ്റിയെടുത്ത ചാരായവും കുറച്ച് ഐസ് കട്ടകളും ഒരു ഗ്ലാസിലെടുത്ത്, മറ്റൊരു ഗ്ലാസിൽ അടച്ചു പിടിച്ചൊരു കുലുക്ക്! നാട്ടിൽ അടുത്തയിടെ പ്രചാരം നേടിയ കുലുക്കി സർബത്തുണ്ടാക്കുന്നതു പോലെ!!
നോട്ട്:പെരുത്ത് നടന്നാൽ ഏത് നാട്ടിലും പോലീസ് പൊക്കും.പ്രത്യേകിച്ച് മലയാളികളുടെ തറവേല മറ്റൊരു നാട്ടിലും ചെന്ന് കാണിക്കരുത്.ജാമ്യം പോലും കിട്ടില്ല!!!