ഇടുക്കി: പെൻഷൻ കിട്ടാൻ പിച്ചചട്ടി എടുത്ത് സമരം ചെയ്ത ഇടുക്കി അടിമാലിയിലെ മറിയക്കുട്ടിക്ക് ഇത്തവണ കാര്യമായ ക്രിസ്മസ് ആഘോഷം ഇല്ല. അതുകൊണ്ടു തന്നെ വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. പലരും ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്നതിന്‍റെ സന്തോഷത്തിലാണ് മറിയക്കുട്ടി. കോതമംഗലത്ത് നിന്ന് യൂത്ത് കോൺഗ്രസിന്‍റെ കുറേ പിള്ളേര് വന്നിരുന്നുവെന്നാണ് മറിയക്കുട്ടി പറയുന്നത്. ഇറച്ചിയും മീനുമൊക്കെ അവര് കൊണ്ടു വന്നു.
അവരുമായിട്ടാണ് ക്രിസ്തുമസ് ആഘോഷിച്ചത്. 1600 രൂപ പെൻഷൻ കിട്ടിയത് കൊണ്ട് ക്രിസ്തുമസിന് എന്തേലും ചെയ്യാനാകുമോ എന്നാണ് മറിയക്കുട്ടി ചോദിക്കുന്നത്. പ്രധാന മന്ത്രി ആയിരം കോടി എന്തോ അയച്ചെന്ന് പറയുന്നുണ്ട്. അത് കിട്ടിയപ്പോഴെങ്കിലും പെൻഷൻ തീര്‍ത്ത് തരാമായിരുന്നു. ക്രിസ്തുമസിന് വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ല. കടുംചായ മാത്രമാണ് ഉള്ളത്. ഒരുപാട് സമ്മാനങ്ങളൊക്കെ കിട്ടിയെന്നും അതിൽ സന്തോഷമുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.