Fiction

വിജയം കൺമുന്നിലുണ്ട്, പക്ഷേ കരഗതമാകാൻ നിയതമായ ലക്ഷ്യവും നിരന്തരമായ പരിശ്രമവും വേണം

വെളിച്ചം

     ആ നാട്ടില്‍ എല്ലാ വര്‍ഷവും കുതിരപന്തയം നടക്കാറുണ്ട്. പക്ഷേ, മത്സരിക്കാനുള്ള കുതിരകളെയെല്ലാം അവര്‍ അയല്‍രാജ്യത്ത് നിന്നും കൊണ്ടുവരികയാണ് പതിവ്. എന്നാല്‍ ഇത്തവണ നാട്ടില്‍ നിന്നുളള ഒരു കുതിര കൂട്ടത്തിലുണ്ടായിരുന്നു. ആ കുതിരക്കാരൻ കയ്യില്‍ ഒരു വടിയും അതിനറ്റത്ത് കുറച്ച് പുല്ലും കരുതിയിരുന്നു. മത്സരം തുടങ്ങിയ ഉടന്‍ വടി കുതിരയുടെ വായുടെ തൊട്ടുമുന്നിലേക്ക് പിടിച്ചു. എത്രവേഗത്തിലോടിയിട്ടും ആ കുതിരക്ക് പുല്ല് തിന്നാന്‍ പറ്റുന്നില്ലായിരുന്നു.

Signature-ad

പക്ഷേ, മത്സരത്തില്‍ മറ്റ് കുതിരകളെയെല്ലാം തോല്‍പിച്ച് അയാളുടെ കുതിര ജേതാവായി. മത്സരം കഴിഞ്ഞപ്പോള്‍ അയാള്‍ കുതിരക്ക് വയറുനിറയെ പുല്ല് കൊടുത്തു. ഈ കുതിര എങ്ങനെ ജേതാവായി മാറിയെന്ന് ചോദിച്ചവരോട് അയാള്‍ പറഞ്ഞു:

“ഇന്നലെ ഞാന്‍ കുതിരക്ക് തീറ്റകൊടുത്തില്ല. എങ്ങനെയും പുല്ല് തിന്നണമെന്ന അതിന്റെ ആഗ്രഹമാണ് എന്റെ കുതിരയെ ഏറ്റവും മുന്നിലെത്തിച്ചത്…”

നിയതമായ ലക്ഷ്യവും നിരന്തരമായ പരിശ്രമവുമില്ലാതെ ഒരാളും എവിടേയും എത്തില്ല. അവനവന്റെ അഭിരുചിക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ രൂപീകരിക്കുക. കൂടെയോടുന്നവരെ നോക്കരുത്. അപരനെ നോക്കിനടന്നാല്‍ അവന്റെ വഴികളും വേഗവും അനുകരിക്കാന്‍ സാധ്യതയുണ്ട്. തീര്‍ച്ചപ്പെടുത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കരുത്.
ഒരാളും ഒരുരാത്രികൊണ്ട് വിജയശ്രീലാളിതരായവരല്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സ്വയം പരുവപ്പെടുത്തി മുന്നേറിയവരാണ് അവർ.
യാത്ര തുടങ്ങിയാല്‍ അവസാനിക്കേണ്ടിടത്തേ അവസാനിപ്പിക്കാവൂ. യാത്ര തുടങ്ങിയോ എന്നതല്ല, എത്തിയോ എന്നത് തന്നെയാണ് പ്രധാനം. നമുക്ക് തിരിഞ്ഞുനോക്കാതെ തളരാതെ മടിക്കാതെ ലക്ഷ്യത്തിൽ ഓടി എത്താന്‍ ശ്രമികാം.

സന്തോഷ പൂർണമായ ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: