Fiction

കുഞ്ഞുകഥ

ഷാജി കാരാട്ടുപാറ

   ഇളംതണുപ്പുള്ള ബാങ്കിൻ്റെ ഉള്ളിലെ ചില്ലു മുറിയിലേക്ക് ആഗതൻ ഉഷ്ണിച്ചു കയറി. മൗസിനെ കൈപ്പത്തിയിലൊളിപ്പിച്ച് മോണിറ്ററിൽ നോക്കിയിരിക്കുന്ന മാനേജർ മുഖം നോക്കാതെ പറഞ്ഞു:

“ഇരിക്കൂ…”
ആഗതൻ എളിമയോടെ ആസനസ്ഥനായി

“ഞാൻ വന്നത്….”
“പറഞ്ഞോളൂ … ”
“എനിയ്ക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ഇവിടെ നിന്ന് വായ്പയെടുത്തിരുന്നു. അത് എന്തോ അയി എന്നാണ് മുപ്പര് പറയുന്നത്…”
“പേര്…?”
“ഷാജി …”
“വായ്പ നമ്പർ?”
“അറിയില്ല…”
“വിലാസം …?”
ആഗതൻ വിലാസംപറഞ്ഞു.
“ഓ…. ഇത് ഓവർ ഡ്യൂ ആയിട്ടുണ്ട്‌. പലതവണ നോട്ടീസ് അയച്ചതാണല്ലോ. എന്നു പറഞ്ഞാൽ ?
എടുത്ത കാശ് തിരിച്ചടക്കേണ്ട കാലം എന്നോ കഴിഞ്ഞുവെന്ന്.”

“എന്താണ് പരിഹാരം?”
“കാശ് തിരിച്ചടയ്ക്കണം…”
“അയാൾക്ക് അതിന് നിവൃത്തിയില്ല. എന്നോട് ഒത്തിരി തവണയായി സങ്കടം പറയുന്നു.”
“നിങ്ങളാരാ ?”
“ദൈവം. എന്നെ കണ്ടിട്ടു മനസിലായില്ലേ?”
മാനേജർ സൂക്ഷ്മമായി നോക്കിയിട്ടു പറഞ്ഞു:

“ഇല്ല. തിരിച്ചറിയുന്ന രൂപത്തിൽ വരണ്ടേ? ആട്ടെ എന്താ സംഭവിച്ചത്… ?”

“വാഴക്കൃഷിയ്ക്കാ വായ്പയെടുത്തത്. കുലച്ചു തുടങ്ങിയതാ. കാറ്റടിച്ച് മുഴുവനും ഒടിഞ്ഞു പോയി. ”

“താങ്ങും വള്ളിയുമൊന്നുമുണ്ടായിരുന്നില്ലേ?”

“ഉണ്ടായിരുന്നു. ചുഴലിക്കാറ്റിന് എന്തു വളളി? നക്കിത്തുടച്ചു പോയി. ”
“എല്ലാം നിയന്ത്രിയ്ക്കുന്നയാളല്ലേ? ഇത്രയ്ക്കു വേണ്ടിയിരുന്നില്ല.”

ദൈവം ശബ്ദം താഴ്ത്തിപ്പറഞ്ഞു:

“പണ്ടത്തെ നിയന്ത്രണ ശേഷിയൊന്നും ഇപ്പോഴില്ല. പലതും കൈവിട്ടു പോയി. അതിരിക്കട്ടെ. ഇതെന്താ ചെയ്ക…”

“തിരിച്ചടവ് നിർബന്ധമാണ്. പലിശ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. ”
“മറ്റൊന്നും ….”

“ഇതൊരു പണമിടപാടു സ്ഥാപനമാണ്. കാര്യങ്ങൾക്ക് നിയമാനുസൃതമായ നീക്കുപോക്കുണ്ടായില്ലെങ്കിൽ ഞങ്ങൾക്കു ചെയ്യാനുള്ളത് പത്രപ്പരസ്യവും ജപ്തിയുമാണ്. ”

“അയ്യോ അതു ചെയ്യരുത്. അയാൾ നിഷ്ക്കളങ്കനായൊരു വിശ്വാസിയാണ് .അതുകൊണ്ടാ ഞാൻ നേരിട്ടു വന്നത്. മനോവിഷമവും മാനഹാനിയും മൂലം അയാൾ കടുംകൈയെന്തെങ്കിലും ചെയ്തു പോയാലോ?”

“എനിയ്ക്കൊന്നും ചെയ്യാൻ പറ്റില്ല. ഞാൻ വെറും ഇടനിലക്കാരൻ മാത്രം. ഇനി വല്ല മൊറട്ടോറിയമോ എഴുതിത്തള്ളലോ വന്നാൽ വന്നു. പിന്നെ അയാൾ കടുംകൈയെന്തെങ്കിലും ചെയ്താൽ ഒന്നാം പ്രതി നിങ്ങളായിരിക്കും.”

ദൈവം ശബ്ദം നഷ്ടപ്പെട്ട് സ്തബ്ദനായി ഇരുന്നു പോയി.

ചിത്രീകരണം: എൻ.ജി സുരേഷ് കുമാർ

Back to top button
error: