തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ പൂർണ്ണമായും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർക്കിടയിൽ ഗൂഢാലോനക്കാരുണ്ട്. തെറ്റില്ലെങ്കിൽ അത് തെളിയിക്കേണ്ട് ബാധ്യത മാധ്യമപ്രവർത്തകർക്ക് തന്നെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടർ ചോദ്യങ്ങളോട് ക്ഷുഭിതനായി.എറണാകുളം കുറുപ്പംപടിയിൽ കെഎസ്യു പ്രവർത്തകർ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനവ്യൂഹത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ഷൂ എറിയുകയും ചെയ്തിരുന്നു. ഇത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക അടക്കമുള്ളവർക്കെതിരെയാണ് കേസ്. തിരുവനന്തപുരത്ത് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനും കേസുണ്ട്. പൊലീസ് നടപടിയെ കുറിച്ച് അന്വേഷിക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
തുടർ ചോദ്യങ്ങളോടാകെ മുഖ്യമന്ത്രി ക്ഷുഭിതനാകുകയും ചെയ്തു. കല്യാശേരി മുതലിങ്ങോട്ട് പ്രതിപക്ഷം നവകേരള യാത്രക്കെതിരെ പലവിധ പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ഇറങ്ങി പ്രതിഷേധക്കാരെ അടിച്ചൊതുക്കിയതു മുതൽ സമരക്കാരെ നേരിട്ട പൊലീസ് സർക്കാർ ശൈലിയാകെ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. അന്നുമുതൽ ഇന്നോളം പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിനെ രക്ഷാ പ്രവർത്തനമെന്ന് വിശേഷിപ്പിച്ച് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.