തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിൽ യാതൊരു പ്രകോപനവുമില്ലാതെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസിനെതിരെ രൂക്ഷവിമർശനം. പൊലീസിന്റെ കണ്ണീർവാതക പ്രയോഗം നിമിത്തം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, എംപി ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി.
നേതാക്കൾ നിന്നിരുന്നതിനു സമീപം കണ്ണീർ വാതക ഷെൽ പതിച്ചതോടെയാണ് പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഇത്. തൊട്ടുപിന്നാലെ അദ്ദേഹം പ്രസംഗം പാതിവഴിക്ക് അവസാനിപ്പിച്ചു. സുധാകരനും എം.എം.ഹസനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പെട്ടെന്നുതന്നെ ഇവിടെനിന്നു മാറ്റി. വനിതാപ്രവർത്തകർക്കും ചില മാധ്യമപ്രവർത്തകർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.
മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പൊലീസ് മാർച്ചിനെ നേരിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടെങ്കിലും കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവർ പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തി. ഇതിനിടെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.