വൈറല്‍ അണുബാധകള്‍ വ്യാപകമായി കാണുന്നൊരു സാഹചര്യമാണിത്. കൊവിഡ് 19 തന്നെ ഒരിടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ നാം ആരോഗ്യത്തോടെ മുന്നേറേണ്ടത് പ്രധാനമാണ്. ഇതിന് വിശേഷിച്ചും നാം നമ്മുടെ രോഗപ്രതിരോധ ശേഷിയാണ് ശക്തിപ്പെടുത്തേണ്ടത്.
വൈറല്‍ ഇൻഫെക്ഷൻസില്‍ നിന്ന് അകന്നുപോകുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി പ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിലേക്കായി നാം ആദ്യം ഭക്ഷണത്തിലാണ് ശ്രദ്ധ നല്‍കേണ്ടത്. പ്രതിരോധശക്തി കൂട്ടാൻ സഹായകമായ ഘടകങ്ങളുടെ സ്രോതസായ വിഭവങ്ങള്‍ കാര്യമായി ഡയറ്റിലുള്‍പ്പെടുത്തണം. ഇത്തരത്തില്‍ സഹായകമായിട്ടുള്ള ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിനൊപ്പം അല്‍പം തേൻ, മഞ്ഞള്‍, പുതിനയില എന്നിവ കൂടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ദിവസത്തില്‍ പല തവണ ഇത് കഴിക്കേണ്ട കാര്യമില്ല.ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകും. അമിതമാകാതെ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം തേൻ, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.
രണ്ട്…
ചുക്ക് കാപ്പി കഴിക്കുന്നതും വളരെ നല്ലതാണ്. നമുക്കറിയാം ഇഞ്ചി ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ സഹായിക്കുന്നൊരു ഘടകമാണ്. ഇതിന്‍റെ കൂടെ കരിപ്പുകട്ടികൂടി ഉപയോഗിച്ച് ചായ തയ്യാറാക്കി കഴിക്കുന്നതും പ്രതിരോധശേഷി ബലപ്പെടുത്താൻ സഹായിക്കും. തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ക്കാണെങ്കില്‍ പെട്ടെന്ന് ആശ്വാസം പകരാനും ഈ പാനീയത്തിനാകും.
മൂന്ന്…
മധുരം ചേര്‍ക്കാതെ ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സ് ജ്യൂസാക്കി പതിവായി കഴിക്കുന്നതും വളരെ നല്ലതാണ്. കാരണം സിട്രസ് ഫ്രൂട്ട്സിലാണെങ്കില്‍ വൈറ്റമിൻ- സി ധാരാളമായി അടങ്ങിയിട്ടുള്ളതാണ്. വൈറ്റമിൻ സി ആണ് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഏറ്റവുമധികമായി വേണ്ടുന്നൊരു ഘടകം.
നാല്…
ചില പച്ചക്കറി ജ്യൂസുകളും പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, ചീര എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
അഞ്ച്…
ടെര്‍മെറിക് മില്‍ക്ക് അഥവാ പാലും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയവും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ വലിയ രീതിയില്‍ നമ്മെ സഹായിക്കും. ഇവയിലെ ആന്‍റി-ഓക്സിഡന്‍റുകളാണ് വൈറസുകള്‍ അടക്കമുള്ള രോഗാണുക്കളോട് പോരാടാൻ നമ്മെ പ്രാപ്തരാക്കുന്നത്.