തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവന്‍ രക്ഷാപ്രവര്‍ത്തനം തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗാമായി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസിന് മുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. ബസിനു മുന്നില്‍ ചാടിയാല്‍ അപകടം പറ്റും. അപകടം സംഭവിച്ചാല്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കാം. ഇങ്ങനെ ഹീനബുദ്ധി പാടുണ്ടോ. എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുതയെന്നും കെ.പി.സി.സി പ്രസിഡന്റാണ് നിങ്ങള്‍ ആരാണ് ഇവരെ രക്ഷിക്കാന്‍ എന്ന് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വര്‍ഗീയ ശക്തികളെ കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സുധാകരന്‍ സംഘ്പരിവാറുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പ്രതിപക്ഷനേതാവ് തന്നെ കലപാഹ്വാനം നടത്തുന്നു. സമാധാനാന്തരീക്ഷം തകര്‍ത്തിട്ട് എന്താണ് ഇവര്‍ നേടുന്നതെന്നും സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതില്‍ ഗവര്‍ണറും ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.