കോയമ്പത്തൂരിലേക്കു രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ഉടൻ യാഥാർഥ്യമാകുമെന്നു കോയമ്പത്തൂർ സൗത്ത് എംഎൽഎയും ബിജെപി നേതാവുമായ വാനതി ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാര്യമായി സമ്മർദം ഉണ്ടായാൽ കേരളത്തിനു കൂടി ഫലപ്രദമാകുന്ന രീതിയിൽ സർവീസ് നീട്ടാൻ കഴിയും.
കോയമ്പത്തൂർ–ബെംഗളൂരു റൂട്ടിലെ ഉദയ് എക്സ്പ്രസ് കേരളത്തിലേക്കു നീട്ടുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല.അതിനുവേണ്ടി കാര്യമായ ശ്രമം കേരളത്തിൽ നിന്നും ഉണ്ടായില്ല എന്നതാണ് വാസ്തവം. ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടുന്നതിൽ എതിർപ്പില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ സമ്മതിക്കുകയും സേലം ഡിവിഷൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുകയും ചെയ്തതാണ്. പക്ഷേ, കേരളത്തിൽ നിന്നും കാര്യമായ സമ്മർദ്ദം ഉണ്ടായില്ല.
ഉദയ് എക്സ്പ്രസ് കേരളത്തിനു നഷ്ടമാക്കുന്നതിൽ ചില ലോബികൾ പ്രവർത്തിച്ചതായാണ് വിവരം. ഇപ്പോഴാകട്ടെ, യാത്രക്കാർ കാര്യമായി ഉദയ് എക്സ്പ്രസ് ഉപയോഗിക്കുന്നില്ലാത്തതിനാൽ റെയിൽവേക്കു കനത്ത വരുമാന നഷ്ടമുണ്ടാക്കുന്നുമുണ്ട്. നേരത്തെ തന്നെ കേരളത്തിലേക്ക് സർവീസ് നീട്ടിയിരുന്നെങ്കിൽ സർവീസ് കൂടുതൽ ലാഭകരമായേനെ എന്നും റയിൽവെ ചൂണ്ടിക്കാട്ടുന്നു.കേരളത്തിൽ നിന്നും കാര്യമായ സമ്മർദ്ദം ഉണ്ടായാൽ ഉദയ് എക്സ്‌പ്രസിനൊപ്പം വന്ദേഭാരതും വാളയാർ ചുരം കടന്ന് പാലക്കാട് എത്തും.പൂച്ചയ്ക്കാര് മണി കെട്ടും എന്നുമാത്രമാണ് അറിയേണ്ടത്.