NEWSWorld

ഐസ്‍ലൻഡിൽ അഗ്നി പർവത വിസ്ഫോടനം; റെയ്കനാസിൽ ഭൂകമ്പത്തിന് പിന്നാലെയാണ് അഗ്നി പർവതം പൊട്ടിത്തെറിച്ചത്

ഐസ്‍ലൻഡിൽ അഗ്നി പർവത വിസ്ഫോടനം. റെയ്കനാസിൽ ഭൂകമ്പത്തിന് പിന്നാലെയാണ് അഗ്നി പർവതം പൊട്ടിത്തെറിച്ചത്.  ആഴ്ചകൾക്ക് മുമ്പ് തന്നെ നാലായിരത്തോളം പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
ചുറ്റുമുള്ളതെല്ലാം ചുട്ടു ചാമ്പലാക്കി ഇവിടെ ലാവ നാലുപാടും ഒഴുകുകയാണ്. പ്രദേശത്തെ ആകാശം ചുവന്ന നിറത്തിലാണ് ഇപ്പോള്‍ കാണപ്പെടുന്നത്.

2021ന് ശേഷം ഈ പ്രദേശത്ത് ഉണ്ടാവുന്ന ആറാമത്തെ അഗ്നിപര്‍വത വിസ്ഫോടനമാണ് ഇപ്പോഴത്തേത്. എന്നാൽ മുമ്പുണ്ടായതിലും രൂക്ഷമാണ് ഇത്തവണത്തേത്. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10.17ന് അഗ്നിപര്‍വ സ്‍ഫോടനം തുടങ്ങിയതായി ഐസ്‍ലന്‍ഡ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. രാത്രി പ്രദേശത്ത് ഭയാനകമായ ദൃശ്യങ്ങളായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. 42 കിലോമീറ്റര്‍ അകലെ നിന്നുവരെ അഗ്നിപര്‍വത സ്‍ഫോടനം ദൃശ്യമാവുന്നുവെന്നും അടുത്ത പ്രദേശങ്ങളിലുള്ളവര്‍ പറഞ്ഞു.

ചുവപ്പ് നിറത്തിലുള്ള ആകാശത്തിനൊപ്പം വായുവില്‍ പുകയും നിറയുന്നു. അതേസമയം 2010ല്‍ ഉണ്ടായതുപോലുള്ള വലിയ അഗ്നിപര്‍വത സ്‍ഫോടനത്തിലേക്ക് ഇപ്പോഴത്തെ സ്‍ഫോടനം എത്തില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. 2010ല്‍ ഐസ്‍ലന്‍ഡിലെ അഗ്നിപര്‍വത സ്ഫോടനം കാരണം യൂറോപ്പിലെ വിമാന യാത്ര വരെ തടസപ്പെട്ടിരുന്നു. സ്‍ഫോടനത്തിന്റെ ആഘാതം കുറഞ്ഞുവരികയാണെങ്കിലും അതില്‍ നിന്ന് പുറത്തുവരുന്ന വാതകങ്ങളുടെയും മറ്റും സാന്നിദ്ധ്യം വരും ദിവസങ്ങളിലും പ്രദേശത്തുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിട്ടുണ്ട്.

 

Back to top button
error: