ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. അമ്പതിലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍ മേഖലയില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്.
മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് നല്‍കിയത്. 2023ലെ വാര്‍ഷിക സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ 2024 ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇതുവരെ സാധിക്കാത്ത കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്ഫോം വഴി യോഗ്യരായ യുഎഇ പൗരന്മാരെ കണ്ടെത്താം.
ടാർഗറ്റ് മറികടക്കുന്നതിന് നിയമാനുസൃതമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചാൽ നടപടിയുണ്ടാകും. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ ചുമത്തുന്നത്. നിയമലംഘനം ആവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്നു മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ചുമത്തും. 2026നകം സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശിവത്കരണം എന്നതാണ് സർക്കാറിന്റെ ലക്ഷ്യം.