IndiaNEWS

പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടു; അവസാനനിമിഷം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പുകയാക്രണക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ സ്വയം തീകൊളുത്തിയശേഷം ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പൊലീസ്. ഇതിനു ശേഷമാണ് പുകക്കുറ്റികളുമായി സന്ദര്‍ശക ഗാലറിയില്‍നിന്നു ചാടാന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”ലോക്സഭാ ചേംബറിലേക്കു ചാടാനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിന് പ്രതികള്‍ മറ്റു വഴികളും ആലോചിച്ചിരുന്നു. ഫയര്‍പ്രൂഫ് ജെല്‍ ശരീരത്തില്‍ തേച്ചശേഷം സ്വയം തീകൊളുത്തുന്നതായിരുന്നു ഇതിലൊന്ന്. എന്നാല്‍ പിന്നീട് ഈ ആശയം ഉപേക്ഷിക്കുകയായിരുന്നു.” ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചും അവര്‍ ആലോചിച്ചെങ്കിലും ഒടുവില്‍ ബുധനാഴ്ച അവര്‍ നടപ്പിലാക്കിയ പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

പാര്‍ലമെന്റിനു പുറത്തെ പ്രതിഷേധം ഉദ്ദേശിച്ചതു പോലെ നടന്നില്ലെങ്കില്‍ പ്രയോഗിക്കാനായി പ്രതികള്‍ ‘പ്ലാന്‍ ബി’യും തയാറാക്കിയെന്നും വിവരമുണ്ട്. സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് മോഹന്‍ ഝായെ ചോദ്യം ചെയ്തപ്പോഴാണ് ഇത് വെളിപ്പെട്ടതെന്നു പൊലീസ് പറയുന്നു. നീലം, അമോല്‍ എന്നിവരാണു പാര്‍ലമെന്റിനു പുറത്തു പ്രതിഷേധിച്ചത്. എന്തെങ്കിലും കാരണത്താല്‍ ഇവര്‍ക്കതിനു സാധിച്ചില്ലെങ്കില്‍ മറ്റൊരു ഭാഗത്തുകൂടി മറ്റു 2 പേര്‍ എത്തി പുകക്കുറ്റി ഉപയോഗിച്ചശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു പദ്ധതി. മഹേഷ്, കൈലാഷ് എന്നിവരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.

സംഭവദിവസത്തിനു തലേന്ന് മഹേഷിനും കൈലാഷിനും ഗുരുഗ്രാമില്‍ വിശാല്‍ ശര്‍മയുടെ വീട്ടിലെത്താന്‍ സാധിച്ചില്ല. ഇതോടെ പുറത്തെ പ്രതിഷേധം നീലവും അമോലും നടത്തിയേപറ്റൂ എന്ന സാഹചര്യം വന്നു. സംഭവം കഴിഞ്ഞ് രാജസ്ഥാനിലേക്കു കടക്കാന്‍ ലളിതിനെ സഹായിക്കാനുള്ള ചുമതലയും മഹേഷിനായിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മൈസൂരില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താനും സ്പെഷല്‍ സെല്ലിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം ആലോചിക്കുന്നു. സുരക്ഷ ലംഘിച്ച രണ്ടുപേര്‍ക്ക് സഭയില്‍ പ്രവേശിക്കാന്‍ സന്ദര്‍ശക പാസുകള്‍ അനുവദിച്ചത് പ്രതാപ് സിംഹയാണ്.
ലോക്‌സഭയിലുണ്ടായ അതിക്രമം പുനരാവിഷ്‌കരിക്കാന്‍ പൊലീസ് പാര്‍ലമെന്റിന്റെ അനുമതി തേടുമെന്നും സൂചനയുണ്ട്.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷിക ദിനത്തിലാണ് ലോക്‌സഭയില്‍ 2 യുവാക്കള്‍ പുകയാക്രമണം നടത്തിയത്. അതീവ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കയറിയ ഇവര്‍ സഭ സമ്മേളിക്കവേ സന്ദര്‍ശക ഗാലറിയില്‍നിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി (സ്‌മോക്ക് കാനിസ്റ്റര്‍) വലിച്ചു തുറന്ന് എറിയാന്‍ ശ്രമിക്കുകയുമായിരുന്നു.

മൈസൂരു സ്വദേശി ഡി.മനോരഞ്ജന്‍ (35), ലക്‌നൗ സ്വദേശി സാഗര്‍ ശര്‍മ (27) എന്നിവരാണ് ശൂന്യവേള അവസാനിക്കാനിരിക്കെ സഭയിലേക്കു ചാടിയത്. ഒരു മണിയോടെ നടന്ന സംഭവത്തിനു തൊട്ടു മുന്‍പ് പാര്‍ലമെന്റ് ഗേറ്റിനു പുറത്ത് പുകക്കുറ്റികള്‍ കത്തിച്ചു മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ (25) എന്നിവരെയും പൊലീസ് പിടികൂടി. സംഭവത്തിന്റെ മുഖ്യസൂത്രധാരാന്‍ ലളിത് ഝാ പിന്നീട് പൊലീസില്‍ കീഴടങ്ങി. അഞ്ച് പേരും ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.

 

Back to top button
error: