SportsTRENDING

അത്രയ്ക്ക് എളുപ്പമാകില്ല ഇനി ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ

കൊച്ചി: ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ പത്തു മത്സരങ്ങൾ പൂർത്തിയായപ്പോൾ 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ്.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാകില്ല.ബ്ലാസ്റ്റേഴ്സിന്റെ ഈ‌ വര്‍ഷത്തെ ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ കരുത്തരായ മുംബൈയോടും മോഹൻ ബഗാനോടുമാണ്.ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ടീമുമാണ് മുംബൈ.

മുംബൈയുമായി 24 ഡിസംബറിന് കൊച്ചിയില്‍ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.27 ഡിസംബറിന് കൊല്‍ക്കത്തയില്‍ വച്ച്‌ മോഹൻ ബഗാനുമായും ഏറ്റുമുട്ടും.ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ് മോഹൻ ബഗാൻ.6 മത്സരങ്ങളിൽ നിന്ന് 5 വിജയവും ഒരു സമനിലയുമായി 16 പോയിന്റോടെ നിലവിൽ മൂന്നാം സ്ഥാനത്താണ് അവർ.അതേ സമയം 10 മത്സരങ്ങൾ പൂർത്തിയാക്കിയ  കേരള ബ്ലാസ്റ്റേഴ്സിന് 20 പോയിന്റ് മാത്രമാണ് സമ്പാദ്യം.

8 മത്സരങ്ങൾ മാത്രം പൂർത്തിയാക്കിയ ഗോവ 6 വിജയവും 2 സമനിലയുമായി നിലവിൽ 20 പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്.7 മത്സരങ്ങളിൽ നിന്ന് 4 വിജയവും 3 സമനിലയുമായി 15 പോയിന്റുള്ള മുംബൈയാണ് നാലാം സ്ഥാനത്ത്.8 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഒഡീഷ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

Signature-ad

പരിക്ക് കാരണം ക്യാപ്റ്റൻ അദ്രിയാൻ ലൂണയ്ക്ക് കളിക്കാൻ സാധിക്കാത്തതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.ലൂണയ്ക്ക് ഈ‌ സീസൺ തന്നെ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.ബ്ലാസ്റ്റേഴ്‌സിന്റെ ഇലവനില്‍ ഉറപ്പുള്ള താരമായ ലൂണയുടെ സാന്നിധ്യം ടീമിന് പോസിറ്റീവ് എനര്‍ജിയാണ് നല്‍കിയിരുന്നത്. ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലുമുള്ള ലൂണയുടെ മികവു തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ 20 പോയിന്റിനു പിന്നിലുള്ള പ്രധാന ചാലകശക്തിയും.

പഞ്ചാബ് എഫ്.സിയുമായുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഗുരുതര പരിക്കായതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം.ഇതിനായി താരം ഇപ്പോള്‍ മുംബൈയിലാണുള്ളത്. ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാള്‍ വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് തന്നെ മടങ്ങാനാണ് സാധ്യതയും.

മിന്നും ഫോമിലുള്ള ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും വിജയവഴിയിൽ തുടർന്നുപോന്നിരുന്നതും. മിഡ്ഫീല്‍ഡില്‍ കളി മെനയുന്ന ലൂണ പുറത്താകുന്നതോടെ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താൻ മഞ്ഞപ്പട നിര്‍ബന്ധിതരാകും.ഇത് ടീമിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പിനെ തന്നെ ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

താരതമ്യേന ദുര്‍ബലരായ പഞ്ചാബിനോട് കഴിഞ്ഞ ദിവസം ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചതെന്നതു തന്നെ ടീമിന്റെ ഇപ്പോഴത്തെ നിലവാരം എടുത്തുകാട്ടുന്നു.അതാകട്ടെ,രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഐമനെ വീഴ്ത്തിയതിന് ലഭിച്ച ഒരു പെനാള്‍ട്ടിയിലൂടെയും.കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല എന്നതുകൊണ്ട് മാത്രം ബ്ലാസ്റ്റേഴ്‌സ് അവിടെ രക്ഷപെടുകയായിരുന്നു.എന്നാൽ ഇനിയുള്ള മത്സരങ്ങളെല്ലാം തന്നെ തങ്ങളേക്കാൾ ശക്തരായ ടീമുകളോടാണ് ബ്ലാസ്‌റ്റേഴ്‌സിന്  ഏറ്റുമുട്ടേണ്ടത് എന്നത് ആരാധകരെപ്പോലും ആശങ്കയിലാഴ്ത്തുന്ന കാര്യം തന്നെയാണ്.

Back to top button
error: