ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും അനുവദിച്ചാല്‍ കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള വ്യവസായമായി മാറുമെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാടക ഗര്‍ഭധാരണ നിയമത്തില്‍ മാറ്റം വരുത്തിയത് കോടതികളാണെന്നും സുപ്രീം കോടതി ഈ വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ണ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
2021 ലെ വാടകഗര്‍ഭധാരണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2023 മാര്‍ച്ചിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കാനഡിയിലുള്ള ദമ്പതികള്‍ക്ക് വാടകഗര്‍ഭധാരണം അനുവദിച്ചാല്‍ ഭാവിയില്‍ 2.3 ബില്യണ്‍ ഡോളറിന്റെ വ്യവസായമായി ഇത് മാറുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു. ദാതാവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവും ഉപയോഗിച്ചുള്ള വാടകഗര്‍ഭധാരണം നിരോധിച്ചിരുന്നു. 2022ലെ സറോഗസി റൂള്‍ 7 പ്രകാരം ഫോം 2 ആണ് ഭേദഗതി ചെയ്തത്. ഇങ്ങനെ അനുവദിച്ചാല്‍ ഭാവിയില്‍ ഇത് വലിയ ബിസിനസ് ആയി മാറുമെന്നുമാണ് കോടതിയുടെ നിരീക്ഷണം.
എന്നാല്‍ തങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരാണെന്നും ഭാര്യക്ക് അണ്ഡാശയ ശേഖരം കുറവാണെന്നും ഹര്‍ജിക്കാരായ ദമ്പതികള്‍ വാദിച്ചു. 2022 ഡിസംബറിലാണ് വന്ധ്യതയ്ക്കുള്ള നൂതന ചികിത്സയെന്ന നിലയില്‍ ദാതാവ് വഴി അണ്ഡം സ്വീകരിച്ചുകൊണ്ടുള്ള വാടക ഗര്‍ഭധാരണ പ്രക്രിയയ്ക്ക് വിധേയരാകുന്നതിനായി ദമ്പതികള്‍ കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ച് 14ന് ഇത്തരം ഗര്‍ഭധാരണം നിരോധിച്ചുകൊണ്ട് വാടക ഗര്‍ഭധാരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സമാനമായ ഹര്‍ജികള്‍ ജനുവരി 15ന് വാദം കേള്‍ക്കും.