മടുത്തു; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ഇന്ത്യ വിടുന്നു
അടുത്ത സീസണില്‍ താന്‍ ഉണ്ടാകില്ലെന്ന് വുക്കമനോവിച്ച് സഹപരിശീലകരോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രെഫഷണലിസമില്ലായ്മയും തന്റെ ചോദ്യങ്ങളോടുള്ള പ്രതികാര മനോഭാവവും വുകമനോവിച്ചിനെ മടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ മല്‍സരത്തിന്റെ പകുതിക്കുവച്ച് കളംവിട്ടത് മുതല്‍ എഐഎഫ്എഫ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ്. ഇപ്പോള്‍ റഫറിമാര്‍ക്കെതിരേ പ്രതികരിച്ചതിന് ഇവാന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍. ഇത്തവണ ഒരു മല്‍സരവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് വിലക്കിന് കാരണം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് പോയാല്‍ ഒരിക്കലും പിന്നെ ഇന്ത്യയില്‍ തുടരില്ലെന്നും ഐഎസ്എല്ലില്‍ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്നും ഇവാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഇവാന്റെ ബ്ലാസ്റ്റേഴ്സിലെ അവസാന സീസണായി ഇതു മാറാനുള്ള സാധ്യതകളാണ് കാണുന്നത്.