KeralaNEWS

”എസ്എഫ്‌ഐക്കാര്‍ക്ക് മുകളിലൂടെ കാറോടിക്കാന്‍ പറയണോ? കരിങ്കൊടി കെട്ടിയ വടികൊണ്ട് അടിച്ചു; ആക്രമണം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം”

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെയാണെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണ്. അക്രമികള്‍ക്കെതിരെ ഐപിസി 124 ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കരിങ്കൊടി പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ കാറിനു മുന്നില്‍ ചാടുകയാണ് ചെയ്തത്. തുടര്‍ച്ചയായ അഞ്ചാമത്തെ സംഭവമാണിത്. ഈ മാസം 10ന് കരിങ്കൊടി പ്രതിഷേധമെന്ന് പറഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ കാര്‍ ആക്രമിക്കാന്‍ എത്തി. മടങ്ങിവരുന്നതിനിടെ അതേ സ്ഥലത്ത് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് അവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Signature-ad

ഇന്നലെ മൂന്നിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി. ഈ സംഭവത്തില്‍ തന്റെ കാറിന്റെ ചില്ല് തകര്‍ന്നുവെന്ന് കരുതിപ്പോയി. കരിങ്കൊടി കെട്ടിയിരുന്ന വടികൊണ്ട് പ്രവര്‍ത്തകര്‍ കാറിലടിച്ചു. ഇന്നലെ രാവിലെ കാര്‍ പരിശോധിച്ചപ്പോള്‍ നിരവധി പോറലുകള്‍ കണ്ടെത്തി. പുത്തന്‍ കാറിനുനേരെയാണ് ആക്രമണം ഉണ്ടായതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ കാറിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കു മുകളിലൂടെ കാറോടിക്കാന്‍ ഡ്രൈവറോട് പറയണോ?. പോലീസ് ഇത് എങ്ങനെ അനുവദിക്കുന്നു. എല്ലാ സ്ഥലങ്ങളിലേക്കും പ്രവര്‍ത്തകരെ എത്തിക്കുന്നത് പോലീസ് ജീപ്പിലാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് ബസിലല്ല, ജീപ്പിലാണ്. ആരാണ് ഇവിടുത്തെ ആഭ്യന്തര മന്ത്രി? മുഖ്യമന്ത്രി തന്നെയാണ്. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

മൂന്ന് ദിവസം മുന്‍പു പ്രതിഷേധമുണ്ടായപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ഗവര്‍ണര്‍ വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്നുവെന്നാണ്. വിദ്യാര്‍ഥികള്‍ എന്നാല്‍ എസ്എഫ്‌ഐക്കാര്‍ മാത്രമല്ല, നിരവധി വിദ്യാര്‍ഥി സംഘടനകളുണ്ട്. മറ്റേതെങ്കിലും വിദ്യാര്‍ഥി സംഘടന പ്രതിഷേധിച്ചിട്ടുണ്ടോ?. ഗുഢാലോചനയ്ക്കു പിന്നില്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും തനിക്കെതിരെ ആക്രമണവും കല്ലേറും ഉണ്ടായ പശ്ചാത്തലത്തില്‍ പരിക്കേല്‍ക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് വാഹനത്തിന് പുറത്തിറങ്ങിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Back to top button
error: