KeralaNEWS

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരേ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ കെ.എസ്.യു; പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നടത്തരുതെന്നും നേതാക്കൾ

കൊച്ചി: നവകേരള സദസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കെ എസ് യു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നടത്തരുതെന്നും ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരികതയും ഇപ്പോൾ കാട്ടേണ്ടതില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റുമാർ ഫേസ് ബുക്കിൽ കുറിച്ചു. എംജെ യദുകൃഷ്‌ണൻ, അരുൺ രാജേന്ദ്രൻ എന്നിവരാണ് വിഡി സതീശനെ വിമർശിച്ചത്. പിണറായിക്കെതിരെയുണ്ടായത് സ്വാഭാവിക രോഷ പ്രകടനമാണ്. ഷൂ ഏറ് അടക്കമുളള പ്രതിഷേധങ്ങൾ തുടരുമെന്ന പ്രസ്താവന സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ തിരുത്തിയെങ്കിലും, സംഘടനയ്ക്കുള്ളിൽ വിമർശനമുണ്ടെന്നാണ് വിലയിരുത്തൽ.

എംജെ യദുകൃഷ്‌ണ​ന്റെ ഫെയ്സ്ബുക്ക് പോസ്റ്റി​ന്റെ പൂർണരൂപം

Signature-ad

പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്…!
ജനാധിപത്യപരമായി സമരം നടത്തിയ KSU പ്രവർത്തകരെ സിപിഎം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉടലെടുത്തത്.
സംസ്ഥാന വ്യാപകമായി ഈ സമര രീതി തുടരണമെന്ന തീരുമാനം KSU വിനില്ല. എന്നാൽ ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ല.
എം ജെ യദു കൃഷ്ണൻ
(KSU സംസ്ഥാന വൈസ് പ്രസിഡന്റ്)

അരുൺ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റി​ന്റെ പൂർണരൂപം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് എതിരെ കല്ലേറ് ഉണ്ടായപ്പോ ഉടലെടുക്കാത്ത വികാരമോന്നും ചെരുപ്പേറിൽ പിണറായി ക്ക് ഉണ്ടാകേണ്ടതില്ല….!
ജനാധിപത്യ രീതിയിൽ സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ സിപിഎമ്മിന്റെ ക്രിമിനൽ സംഘം വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ, അതിനെതിരെ ചെറുത്തുനിൽപ്പ് തീർക്കാനും, പ്രതിഷേധം കടുപ്പിക്കുകയും തന്നെയാണ് വേണ്ടത്….!
സമരം കടുത്തെങ്കിൽ,
കടുത്ത സമര രീതിയേലേക്ക് എത്തിച്ചത് സിപിഎം ക്രിമിനൽ കൂട്ടമാണ്….!
അധികാരത്തിന്റെ തണലിൽ നിന്ന് ജനാതിപത്യ സമരങ്ങളെ ആക്രമിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചാൽ…!
സമരത്തിന്റെ രൂപവും ഭാവവും മാറും….!
സംസ്ഥാന വ്യാപകമായി ഷൂ എറിഞ്ഞുള്ള സമരത്തിലേക്കില്ല,
എന്നാൽ പ്രധിഷേധങ്ങൾ നടത്തുന്ന KSU പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകൾ നേതൃത്വം പിൻവലിക്കണം….!
അരുൺ രാജേന്ദ്രൻ
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്

 

Back to top button
error: