CrimeNEWS

13 കാരിയായ വീട്ടുജോലിക്കാരിയെ ഉടമയും കുടുംബവും നഗ്‌നയാക്കി മര്‍ദിച്ചു; പട്ടിയെ കൊണ്ട് കടിപ്പിച്ചു, വീഡിയോ പകര്‍ത്തി

ഗുരുഗ്രാം: വീട്ടുജോലിക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ഉടമയുടെ ക്രൂരത. 13 കാരിയായ പെണ്‍കുട്ടിയെ നഗ്‌നയാക്കി മര്‍ദിച്ച കുടുംബം പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. ഹരിയാന ഗുരുഗ്രാമിലെ സെക്ടര്‍ 57 ലാണ് സംഭവം. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ശശി ശര്‍മയെന്നയാളും കുടുംബവുമാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്.

ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീ പെണ്‍കുട്ടിയെ പലപ്പോഴും മര്‍ദനത്തിന് ഇരയാക്കാറുണ്ടെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുമ്പ് കമ്പി കൊണ്ടും ചുറ്റിക കൊണ്ടും അടിക്കാറുണ്ട്. അവരുടെ രണ്ട് ആണ്‍മക്കളെ കൊണ്ട് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ബലംപ്രയോഗിച്ച് അഴിക്കുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്തതായും പരാതിയില്‍ വ്യക്തമാക്കുന്നു.

Signature-ad

വായില്‍ ടേപ്പ് ഒട്ടിച്ച് മുറിയില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ അമ്മ എത്തിയപ്പോഴാണ് മോചിപ്പിച്ചത്. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുയായിരുന്നു. 48 മണിക്കൂറില്‍ ഒരിക്കല്‍ മാത്രമാണ് മകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നതെന്നും ഒച്ച വയ്ക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചെന്നും അമ്മ പരാതിയില്‍ പറയുന്നു.

ഉടമയും കുടുംബവും അവളുടെ കൈകളില്‍ ആസിഡ് ഒഴിക്കുകയും പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സെക്ടര്‍ 51 വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ജൂണ്‍ 27ന് സെക്ടര്‍ 57 ലെ ശശി ശര്‍മയുടെ വീട്ടില്‍ സമീപത്തുള്ള വാഹനങ്ങള്‍ വൃത്തിയാക്കുന്ന ഒരാളുടെ സഹായത്തോടെ മകള്‍ക്ക് ജോലി ലഭിച്ചു.

പെണ്‍കുട്ടി തങ്ങളോടൊപ്പം താമസിക്കണമെന്ന് പറഞ്ഞ കുടുംബം പ്രതിമാസം 9,000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യ രണ്ട് മാസത്തേക്ക് മാത്രമാണ് തുക ലഭിച്ചതെന്ന് അമ്മ പറയുന്നു. ”ഞാന്‍ എന്റെ മകളെ കാണാന്‍ പലതവണ പോയിരുന്നു. പക്ഷേ അവളെ കാണാനോ ഫോണില്‍ സംസാരിക്കാനോ അനുവദിച്ചില്ല”- അമ്മ പറഞ്ഞു.

പരാതിയെത്തുടര്‍ന്ന് ശശി ശര്‍മയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും എതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 10, ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75, പരിക്കേല്‍പ്പിക്കല്‍, സ്ത്രീത്വത്തിനെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: