ചെന്നൈ: ശമ്പളം നല്‍കാതെ വഞ്ചിച്ചെന്ന ആലപ്പുഴ സ്വദേശിയുടെ ഹര്‍ജിയില്‍ ചരക്കുകപ്പല്‍ കസ്റ്റഡിയിലെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൂത്തുക്കുടിയിലെത്തിയ, ‘എംവി റഹിമ’ എന്നറിയപ്പെടുന്ന ‘എംവി പുരവളാനി 1’ എന്ന കപ്പലാണ് കണ്ണമംഗലം ചെമ്പോലില്‍ പടീറ്റതില്‍ നന്ദകുമാറിന്റെ ഹര്‍ജിയെ തുടര്‍ന്ന് തടഞ്ഞിട്ടത്.
ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാതെ കപ്പല്‍ ഉടമകളെ പോകാന്‍ അനുവദിക്കരുതെന്നു ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസിന്റെ ഉത്തരവിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനെ നിയോഗിച്ചു. 2022 ജൂലൈയില്‍ ഈ കപ്പലില്‍ ഓയിലറായി ജോലിക്കു കയറി 13 മാസത്തോളം ജോലി ചെയ്തിട്ടും കരാറില്‍ നിന്നു വ്യത്യസ്തമായി തുച്ഛമായ ശമ്പളം മാത്രമാണു നല്‍കിയതെന്നു ഹര്‍ജിയില്‍ പറയുന്നു. പലിശ ചേര്‍ത്തുള്ള ശമ്പളക്കുടിശികയായ 4.48 ലക്ഷം രൂപ നല്‍കണമെന്നാണ് നന്ദകുമാറിന്റെ ആവശ്യം.
ഒപ്പം ജോലി ചെയ്തിരുന്നവര്‍ക്കും ശമ്പളം ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും അഡ്വ.പി.മുത്തുസ്വാമി വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കപ്പല്‍ ഉടമകളുടെ മറുപടി തേടിയ മദ്രാസ് ഹൈക്കോടതി കേസ് 13നു വീണ്ടും പരിഗണിക്കും.