മൊട്ടക്കുന്നും പൈൻമരങ്ങളും മാത്രമല്ല, വാഗമണ്ണിൽ വേറെയുമുണ്ട് കാഴ്ചകൾ !
വലിയ നോയമ്പ് കാലത്ത് കുരിശിന്റെ വഴിയിസൽ പങ്കെടുക്കുവാൻ നൂറു കണക്കിന് വിശ്വാസികളാണ് കുരിശുമലയിൽ എത്തുന്നത്.
പാലൊഴുകുംപാറ വെള്ളച്ചാട്ടം എന്നാണ് യഥാർഥ പേരെങ്കിലും ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത് വാഗമൺ വെള്ളച്ചാട്ടം എന്നാണ്. ലോവർ പൈൻ ഫോറസ്റ്റിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഒക്ടോബർ അവസാനമാകുമ്പോഴേയ്ക്കും നിറഞ്ഞൊഴുകുന്ന ഇത് പക്ഷേ, അകലെ നിന്നു കാണുവാനേ സാധിക്കുകയുള്ളൂ.
വാഗമണ്ണിലെത്തിയാൽ സഞ്ചാരികൾ ആദ്യം ചെയ്യുക ഇവിടുത്തെ തേയിലത്തോട്ടങ്ങളിലൂടെ ഇറങ്ങിനടക്കുകയാണ്. തേയിലത്തോട്ടത്തിൽ നിന്നും അതിനു മുകളിൽ കയറിയും ഫോട്ടോ എടുക്കുന്നവരുടെ കാഴ്ച വാഗമണ്ണിലെ സ്ഥിരം ഫ്രെയിമുകളിലൊന്നു കൂടിയാണ്.
പൈൻമരക്കാടുകൾ
വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡുകളിലൂടെ തേയിലത്തോട്ടങ്ങൾ താണ്ടി പൈൻമരക്കാട്ടിലേക്ക് എത്തുമ്പോൾ വാഗമണ്‍ നമ്മുടെ ഹൃദയം കവരുമെന്ന് തീർച്ച. തട്ടുകളായി അടുക്കി വെച്ചത് പോലുള്ള പൈൻമര കാടുകൾ കാണുമ്പോൾ തന്നെ ഹൃദയം നിറയും. യാത്രയിൽ മൊട്ടൻകുന്ന്, സൂയിസൈഡ് പോയിന്റ്, അഡ്വൈഞ്ചർ പാർക്ക് എന്നിവയും കാണാനാകും.
മാർമല വെള്ളച്ചാട്ടം
വാഗമണിലേക്ക് വെള്ളിക്കുളം വഴിയുള്ള റൂട്ടിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇരുവശത്തും റബർ എസ്റ്റേറ്റുകളുള്ള സുന്ദരൻ വഴി. ഏകാന്ത യാത്രകൾക്ക് ഈ റൂട്ട് ഏറെ യോജിക്കും. കാരണം നിറഞ്ഞ പച്ചപ്പല്ലാതെ മറ്റൊന്നും ഈ വഴികളിലില്ല. റബർ വെട്ടിയിടത്തൊക്കെ പ്രകൃതി പച്ചപ്പുതപ്പുകൊണ്ടു നഗ്നത മറയ്ക്കുന്നുണ്ട്. ഉഗ്രൻ വ്യൂ പോയിന്റുകളാണിവ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനിടയിൽ ഒന്നിലധികം വെളളച്ചാട്ടങ്ങളുണ്ട്. അധികം സാഹസികത കാണിക്കാതെ പുഴയിൽ ഇറങ്ങിക്കുളിക്കാം.
ഈരാറ്റുപേട്ടയിൽ നിന്നും പത്തുകിലോമീറ്റർ ദൂരമുണ്ട് മാർമലയിലേക്ക്. തീക്കോയിൽ നിന്ന് മംഗളഗിരി വഴി മാർമലയിലെത്താം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമായിട്ടുള്ള അരുവിയാണ് വെള്ളച്ചാട്ടം. വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്യണം വേറെ പാർക്കിംഗ് എരിയ ഒന്നുമില്ല.
ഇല്ലിക്കൽ കല്ല്
വൺഡേ ട്രിപ്പിന് കുട്ടികളൊത്ത് അടിച്ചുപൊളിക്കാൻ മികച്ചയിടമാണ് ആകാശത്തെ വെല്ലുവിളിച്ചു മുഷ്ടിചുരുട്ടി നിൽക്കുന്ന ഭീമന്‍ കല്ലായ ഇല്ലിക്കല്‍ കല്ല്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ കാണാം, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ഇല്ലിക്കല്‍ കല്ല്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 4000 അടി മുകളിലാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്കു ചെന്നാൽ മാത്രമേ ഇല്ലിക്കൽ കല്ലിന്റെ മനോഹാരിത അടുത്തു കാണാൻ സാധിക്കൂ.
കോട്ടയം, പാലാ, ഈരാറ്റുപേട്ട, തീക്കോയി വഴി ഇല്ലിക്കലിൽ എത്താം. വാഗമണ്ണിൽ നിന്ന് തീക്കോയിയിൽ നിന്നും എറണാകുളത്ത് നിന്ന് മേലുകാവ്,മൂന്നിലാവ് വഴിയും ഈ മനോഹരമായ സ്ഥലത്ത് എത്തിച്ചേരാം.
പരുന്തുംപാറ
മലമേലെ തിരിയിട്ട് ചിരിതൂകുന്ന ഇടുക്കിയേക്കാള്‍ മിടുക്കിയാണ് പീരുമേട്ടിലെ പരുന്തുംപാറ.പേരിനോളം തന്നെ വ്യത്യസ്തതയുണ്ട് ഇവിടുത്തെ കാഴ്ചകള്‍ക്കും. ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതുപൊലെ തോന്നിക്കുന്ന പാറക്കൂട്ടമാണ് പരുന്തുംപാറയ്ക്ക് ഈ പേരു സമ്മാനിച്ചത്.
ഒരു പക്ഷിയുടെ കണ്ണില്‍ കാണുന്നതുപോലെ 360 ഡിഗ്രി കാഴ്ചയാണ് അവിടെയെത്തുന്നവര്‍ക്ക് പരുന്തുംപാറ സമ്മാനിക്കുന്നത്. കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളും ആകാശത്തെതൊട്ടു നില്ക്കുന്ന കുന്നുകളും ഛന്നംപിന്നം ഒഴുകുന്ന കുഞ്ഞരുവികളു മെല്ലാം പരുന്തുംപാറയ്ക്ക് മാത്രം നല്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.
പരുന്തുപാറയിലെ സൂയിസൈഡ് പോയന്റിലേക്കുള്ള വഴിയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ആര്‍ക്കും ഒന്നിറങ്ങി നോക്കാന്‍ തോന്നിക്കും വിധം പിടിച്ചു വലിക്കുന്ന കാറ്റും കോടയുടെയും സാന്നിധ്യം എപ്പോഴുമിവിടെയുണ്ട്.
മഞ്ഞുമാറിയാല്‍ ശബരിമലക്കാടുകളുടെ വിദൂരദൃശ്യം സാധ്യമാകുന്ന പരുന്തുംപാറയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ അയ്യപ്പഭക്തര്‍ എത്താറുണ്ട്.
തേക്കടിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലം മാത്രമുള്ള പരുന്തുംപാറ കുന്നിന്‍പുറങ്ങളിടെ റാണിതന്നെയാണ്.