ഗാസ: രണ്ട് വയസുള്ള മകള്‍ക്ക് ജന്മദിന സമ്മാനമായി ഗസ മുനമ്പിലെ പാര്‍പ്പിട സമുച്ചയം ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഇദ്ദേഹം കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മകള്‍ക്കുള്ള ജന്മദിന സമ്മാനമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. ആയുധവുമേന്തി നില്‍ക്കുന്ന മറ്റു സൈനികരും ഇയാള്‍ക്കൊപ്പം വീഡിയോയിലുണ്ട്.
”ഈ സ്ഫോടനം ജന്മദിനം ആഘോഷിക്കുന്ന എന്റെ മകള്‍ക്ക് സമര്‍പ്പിക്കുന്നു. രണ്ടു വയസുകാരിയാണവള്‍. നിന്നെ മിസ് ചെയ്യുന്നു”- എന്നിങ്ങനെ ഹീബ്രു ഭാഷയിലായിരുന്നു സൈനികന്റെ സംസാരം. കൗണ്ട്ഡൗണ്‍ ആരംഭിച്ചതിന് ശേഷം നിമിഷങ്ങള്‍ക്കകം ഇവരുടെ പിന്നിലുള്ളൊരു കെട്ടിടം വന്‍ സ്ഫോടനശബ്ദത്തോടെ തീഗോളമായി ചിതറിത്തെറിക്കുകയായിരുന്നു.
കെട്ടിടം തകര്‍ന്നവീഴുമ്പോള്‍ താനാ വൃത്തികെട്ട സാധനം തീര്‍ത്തുകളഞ്ഞെന്ന് ഒരാള്‍ പശ്ചാത്തലത്തില്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. താന്‍ ഉടന്‍ തിരിച്ചുവരുമെന്നും ഇയാള്‍ പറയുന്നുണ്ട്.
അതേസമയം, തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റഫയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം 350 ഓളം പേര്‍ കൊല്ലപ്പെട്ടു.