ദില്ലി: വഴങ്ങാതെ നിൽക്കുന്ന കേരളത്തെ വരുതിയിലാക്കാൻ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരുക്കൾ നീക്കി ബിജെപി. തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പ് തന്നെ കൃത്യമായി പ്ലാനിംഗ് നടത്തി അക്കൗണ്ട് തുറക്കാനുള്ള ശ്രമങ്ങൾ പാർട്ടി തുടങ്ങി കഴിഞ്ഞു. വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ ഞെട്ടിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഇതിൻറെ ആദ്യ പടിയായി മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആ സീറ്റ് സഖ്യ കക്ഷിയായ ബിഡിജെഎസിൽ നിന്ന് ഏറ്റെടുക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്. രാഹുലുമായി നേരിട്ട് അങ്കം കുറിച്ചാൽ അത് സംസ്ഥാനം മുഴുവൻ ഗുണകരമാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. മുതിർന്ന നേതാക്കളെ ആരെയെങ്കിലും തന്നെ വയനാട്ടിൽ മത്സരിപ്പിച്ച് രംഗം കൊഴുപ്പിക്കാനുള്ള തന്ത്രങ്ങൾ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്.
പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ വയനാട്ടിൽ ഉയർന്ന് കേൾക്കുന്നുണ്ട്. അമേഠിയിൽ സ്മൃതി ഇറാനിയെ ഇറക്കിയുള്ള തന്ത്രം വിജയിച്ച സാഹചര്യത്തിൽ ശോഭ സുരേന്ദ്രനെ വയനാട്ടിൽ ഇറക്കിയുള്ള പോരിന് സാധ്യതയേറെയാണ്. ഒന്നും രണ്ടുമൊന്നുമല്ല, കുറഞ്ഞ് ആറ് സീറ്റിലെങ്കിലും ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ട്. അതിൽ തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടുന്നുണ്ട്. ഇതിനായി ദേശീയ നേതാക്കളെ വരെ തലസ്ഥാനത്ത് ഇറക്കാനാണ് ആലോചന.
എസ് ജയശങ്കറും നിർമ്മല സീതാരാമനും വരെ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ട്. കോഴിക്കോട് എം ടി രമേശിനും ശോഭാ സുരേന്ദ്രനുമാണ് സാധ്യത. കാസർകോട് പ്രകാശ് ബാബു, പികെ കൃഷ്ണദാസ്, രവീശ തന്ത്രി എന്നിവരാണ് പരിഗണനയിലുള്ളത്. കണ്ണൂരിൽ പ്രഫുൽ കൃഷ്ണൻ, കെ രഞ്ജിത്തും ലിസ്റ്റിലുള്ള പേരുകളാണ്. എറണാകുളത്ത് എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണിയെ രംഗത്തിറക്കി കളം ഒന്ന് ഉഷാറാക്കാനും പദ്ധതിയുണ്ട്. പത്തനംതിട്ടയിൽ പി സി ജോർജും ആലോചനയിലുണ്ട്.
ഇടുക്കി, മാവേലിക്കര, ആലപ്പുഴ എന്നിവ ബിഡിജെഎസിന് കൊടുക്കാനാണ് ആലോചന. ആലപ്പുഴയിൽ തുഷാറിനെ ഇറക്കിയേക്കും. ചാലക്കുടിയിൽ ജേക്കബ് തോമസാണ് പരിഗണനയിലുള്ളത്. ആറ്റിങ്ങൽ വി മുരളീധരനും തൃശ്ശൂർ സുരേഷ് ഗോപിയും ഉറപ്പിച്ച് കഴിഞ്ഞു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ ലക്ഷ്യമാണ്. ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് പോലും ഭരണം ഇല്ല എന്നുള്ളത് വലിയ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കിടയിലും പാർട്ടിക്ക് ക്ഷീണം തന്നെയാണ്.