ഇടുക്കി: നവകരള സദസ്സിന്റെ പ്രചാരണാര്‍ഥം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നടത്തിയ കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം. നിയന്ത്രണം വിട്ട കാളവണ്ടി ഇടിച്ച് ഒരു കാറിനും ജീപ്പിനും കേടുപാടു സംഭവിച്ചു. തിരക്കേറിയ കുമളി ടൗണില്‍വച്ച് ഒരു ചക്രം ഊരിപ്പോയിട്ടും കാളവണ്ടി നിര്‍ത്താതെ മുന്നോട്ടുപോയി. ആളുകള്‍ ഭയന്ന് ഓടിമാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബരിമല സീസണ്‍ ആയതിനാല്‍ അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ടൗണില്‍ ഉണ്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇവര്‍ക്കിടയിലൂടെ കാളവണ്ടികള്‍ പാഞ്ഞത്.
മത്സരത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയ പൊലീസ് അപകടത്തിനു പിന്നാലെ തലയൂരാന്‍ നിലപാടു മാറ്റി. മത്സരമല്ല, കാളവണ്ടി ഉപയോഗിച്ച് വിളംബര ജാഥ നടത്തുമെന്നാണ് സിപിഎം അറിയിച്ചിരുന്നത് എന്നാണ് പൊലീസ് ഭാഷ്യം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സിപിഎം നടത്തിയിരിക്കുന്നതെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
തേനി ജില്ലയില്‍നിന്ന് എത്തിച്ച 6 കാളവണ്ടികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. കുമളി ഒന്നാം മൈലില്‍നിന്ന് ആരംഭിച്ച് കുമളി ടൗണ്‍, ചെളിമട വഴി ഒന്നാം മൈലില്‍ തിരിച്ചെത്തുന്ന വിധമാണ് മത്സരം നടത്തിയത്. രാവിലെ 9ന് തുടങ്ങും എന്ന് അറിയിച്ചിരുന്ന മത്സരം ഒരു മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. വേണ്ടത്ര മുന്നറിയിപ്പോ ഒരുക്കങ്ങളോ ഇല്ലാതെയായിരുന്നു പരിപാടി.
കാളവണ്ടിക്കു മുന്നില്‍ ലൈറ്റിട്ട് ഹോണ്‍ മുഴക്കി പൊലീസ് വാഹനം, അതിനു പിന്നാലെ അനൗണ്‍സ്‌മെന്റ് വാഹനം, പിന്നാലെ കാളവണ്ടികള്‍ ഇതായിരുന്നു ഏക ക്രമീകരണം. ലൈറ്റിട്ട് ഹോണ്‍ മുഴക്കി പൊലീസ് വാഹനം പാഞ്ഞുവരുന്നത് കണ്ടതോടെ കാര്യമറിയാതെ ആളുകള്‍ ഓടിമാറുകയും വാഹനങ്ങള്‍ റോഡ് സൈഡിലേക്ക് ഒതുക്കുകയും ചെയ്തതിനാലാണ് വലിയ അപകടം ഒഴിവായത്.
കുമളി ടൗണില്‍ സെന്‍ട്രല്‍ ജംക്ഷനില്‍ എത്തിയപ്പോള്‍ റൂട്ട് മാറി 3 കാളവണ്ടികള്‍ ബൈപാസ് റോഡിലേക്കു കയറിയെങ്കിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഇവരെ ദേശീയപാതയിലൂടെ തിരിച്ചുവിടുകയായിരുന്നു.