490 കോടി രൂപ മുടക്കി കല്ല്യാണമാമാങ്കം, ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെങ്ങും വൈറലായി, ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു; കഴിഞ്ഞ് വെറും ഒരാഴ്ച മാത്രം, വരന് ജീവപര്യന്തം, നേരെ ജയിലിലേക്ക്?
ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെങ്ങും വൈറലാവുകയും, ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത വധൂവരന്മാരാണ് മഡലെയ്ൻ ബ്രോക്ക്‌വേയും ജേക്കബ് ലാഗ്രോണും. 26 -കാരിയായ സംരംഭകയാണ് മഡലെയ്‍ൻ. അവരുടെ ദീര്‍ഘകാലത്തെ കാമുകനായിരുന്നു 29 -കാരൻ ലാഗ്രോൺ. ഇവരുടെ കല്ല്യാണത്തിന് വേണ്ടി പൊടിപൊടിച്ചത് ഒന്നും രണ്ടും കോടി രൂപയൊന്നുമല്ല, 490 കോടി രൂപയാണ്. ഒരു നൂറ്റാണ്ടിലെ തന്നെ വിവാഹമാമാങ്കമായിട്ടാണ് ഈ കല്ല്യാണം വാർത്തകളിൽ നിറഞ്ഞത് തന്നെ.
യൂട്ടയിലെ കാന്യോൺ പോയിന്റിലെ ആഡംബര റിസോർട്ടായ അമൻഗിരിയിൽ വച്ച് ബാച്ചിലര്‍ വീക്കോടെയായിരുന്നു വിവാഹമാമാങ്കം ആരംഭിച്ചത്. ഒറ്റരാത്രി തങ്ങാന്‍ ഏറ്റവും കുറഞ്ഞത് രണ്ടരലക്ഷത്തിലധികം വേണം അവിടെ. ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം വധൂവരന്മാരും അതിഥികളും പാരിസിലേക്ക്. അതിഥികളെ കൊണ്ടുപോയത് സ്വകാര്യജെറ്റിൽ. ചടങ്ങുകൾ നടന്നത് വെർസൈൽസ് കൊട്ടാരത്തിൽ. മറൂൺ 5 എന്ന പ്രശസ്ത ബാന്‍ഡിന്റെ പരിപാടി വേറെ. കൂടാതെ ലക്ഷങ്ങളുടെ വസ്ത്രങ്ങളും അലങ്കാരങ്ങളും… എല്ലാം കൊണ്ട് വിവാഹം ആകെ കളറായി മാറി.
View this post on Instagram
വധുവായ മഡലെയ്‌ന്റെ അച്ഛന്‍ റോബർട്ട് ബോബ് ബ്രോക്ക്‌വേയ്ക്ക് കാര്‍ ഡീലര്‍ ബിസിനസാണ്. മെഴ്‌സിഡസ് – ബെൻസ് ഡീലർഷിപ്പുകൾ ഉൾപ്പെടുന്ന ബിൽ ഉസ്സേരി മോട്ടോഴ്‌സിന്റെ ചെയർമാനും സിഇഒയുമാണ് അദ്ദേഹം. ഏതായാലും വിവാഹത്തോടെ ദമ്പതികൾ വൈറലായി. എന്നാലിപ്പോൾ മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു കുറ്റകൃത്യത്തിൽ ആകെ പെട്ടിരിക്കയാണ് ലാഗ്രോൺ. ഇയാൾക്ക് ജീവപര്യന്തം തടവ് കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പൊലീസ് ഓഫീസർമാർക്ക് നേരെ ഇയാൾ വെടിയുതിർത്തു എന്നതാണ് കേസ്. വിവാഹത്തിന് എട്ട് മാസം മുമ്പ്, ടെക്സാസിൽ വച്ചാണ് ലാഗ്രോൺ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത് എന്നും പറയുന്നു. മൂന്ന് കേസുകളാണ് ലാഗ്രോണിനെതിരെയുള്ളതത്രെ.
നവംബർ 30 -ന് വ്യാഴാഴ്ച, ഫോർട്ട് വർത്തിലെ ടാരന്റ് കൗണ്ടി കോടതിയിൽ ലാഗ്രോൺ വിചാരണയ്ക്ക് ഹാജരാവുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാര്യയായ മഡലെയ്ൻ കോടതിയിൽ എത്തിയിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവം വാർത്തയായതോടെ ഇവർ തന്റെ ഇൻസ്റ്റ, ടിക്ടോക് പേജുകൾ പ്രൈവറ്റാക്കിയിരിക്കുകയാണ്.