കറാച്ചി സ്വദേശിയായ ജാവേരിയ ഖാനൂമാണ് പ്രതിശ്രുത വരൻ സമീര്‍ ഖാനെ കാണാൻ അതിര്‍ത്തി കടന്നെത്തിയത്. സമീറിന്റെ കുംടുംബം ജാവേരിയയെ അതിര്‍ത്തിയില്‍ സ്വീകരിച്ചു. 45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്ന് അട്ടാരിയില്‍ മാധ്യമപ്രവര്‍ത്തകരോട് ഇരുവരും പറഞ്ഞു.
ജര്‍മനിയിലായിരുന്നു ഇരുവരും പഠിച്ചിരുന്നത്. നാട്ടില്‍ വന്നപ്പോള്‍ വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അവരും സമ്മതിച്ചു. ജാവേരിയക്കും എതിര്‍പ്പില്ലായിരുന്നുവെന്ന് സമീര്‍ പറഞ്ഞു. വിവാഹത്തിന് ജര്‍മ്മനിയിലെയും ആഫ്രിക്ക, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും എത്തുമെന്ന് സമീര്‍ പറഞ്ഞു. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വിമാനത്തിലാണ് ഇരുവരും പോയത്.
നേരത്തെ ഓൺലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ സച്ചിൻ എന്ന യുവാവിനെ വിവാഹം ചെയ്യുവാൻ നാല് കുട്ടികളുമായി സീമ ഹൈദർ എന്ന യുവതി പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയത് വാർത്തയായിരുന്നു.യുവതി മെയ് 13 നാണ് ഇന്ത്യയിലെത്തിയത്.