KeralaNEWS

കേരളാ പൊലീസിന്റെ സൈബർ വോളണ്ടിയറാകാൻ അവസരം; ഒരു ജില്ലയിൽ 300 പേർക്ക് അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

ൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. സൈബര്‍ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നത്.

ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ ആസ് എ വോളണ്ടിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ്സ് പ്രമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബർ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല. ഒരു ജില്ലയില്‍ 300 സൈബർ വോളണ്ടിയരെയാണ് നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കി, അവരിലൂടെ പൊതുജനങ്ങള്‍ക്ക് ഇടയില്‍ സാമ്പത്തികത്തട്ടിപ്പുകളെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം.

Signature-ad

തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാർ പദ്ധതിയുടെ നോഡൽ ഓഫീസറും സൈബർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അസിസ്റ്റന്‍റ് നോഡൽ ഓഫീസറുമായിരിക്കും.

Back to top button
error: