കൊല്ലത്ത് അച്ചന്‍കോവില്‍ കോട്ടവാസല്‍ ഭാഗത്ത് കാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലെത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. കൂടുതല്‍ പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്.
പ്രദേശത്തുള്ള രണ്ട് താത്ക്കാലിക വനപാലകരുടെ സഹായത്തോടെയാണ് ഇവര്‍ ഞായറാഴ്ച തൂവല്‍മലയിലേക്ക് ട്രക്കിങ്ങിന് പോയത്. മഴ ശക്തമായതോടെ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കാട്ടിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
കുട്ടികളെ രക്ഷപ്പെടുത്താന്‍ പൊലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. രക്ഷപ്പെടുത്തിയവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല.
പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ഇന്നലെ പകല്‍ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് 3 മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും വനത്തില്‍ ശക്തമായി മഴ പെയ്തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്.