കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ അഗ്നി പടർത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമൻ (74) ഒടുവിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു. ശ്രീകാര്യം വെഞ്ചാമൂട് ശ്രീനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. താന്‍ ഈ ലോകത്തുനിന്നും പോകുന്നുവെന്നും മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും കുറിപ്പില്‍ പറയുന്നു. സുഹൃത്തുക്കളോടു ഞായറാഴ്ച വീട്ടിലെത്താന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വൈകിട്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് വീടിന്റെ പിന്നിൽ ചെന്ന് നോക്കിയപ്പോഴാണ് ഊണുമുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ടു ഭാര്യ മലപ്പുറത്തായതിനാൽ കുഞ്ഞാമൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മകൾ വിദേശത്താണ്. കുഞ്ഞാമന് ശാരീരിക അവശതകൾ ഉണ്ടായിരുന്നതായി പരിചയക്കാർ പറഞ്ഞു.
കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ കെട്ടിക്കിടന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ കുഞ്ഞാമന്‍ നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങൾ അത്ര പെട്ടെനൊന്നും തമസ്കരിക്കപ്പെട്ടില്ല. നിരന്തരമായ ചോദ്യങ്ങളിലൂടെ കുഞ്ഞാമന്‍ പുതിയ ചിന്താധാരകള്‍ തീര്‍ക്കുകയും മൗലികതയുടെ പുതിയ തുറസ്സുകള്‍ തുറന്നെടുക്കാന്‍ മലയാളിയെ പ്രകോപിപ്പിക്കുകയും നിര്‍ബ്ബന്ധിക്കുകയും ചെയ്തു. താൻ നേരിട്ട ജാതിവിവേചനങ്ങൾ പ്രതിപാദിക്കുന്ന ‘എതിർ’ എന്ന ആത്മകഥയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. കേരള സർവകലാശാലയിൽ സാമ്പത്തികവിഭാഗത്തിൽ അധ്യാപകനായിരുന്നു. യുജിസി അംഗമായും സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽനിന്നു 2006ൽ രാജിവച്ച് മഹാരാഷ്ട്രയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായി.
പാലക്കാട് പട്ടാമ്പി വാടാനാംകുറിശിയാണു സ്വദേശം. 1974ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണനു ശേഷം ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് വിദ്യാർഥിയാണ്. തുടർന്നു തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഡോ.കെ.എൻ.രാജിനു കീഴിൽ ഗവേഷണം നടത്തി. അധികാരത്തെ ചോദ്യംചെയ്യലാണ് ശരിയായ രാഷ്ട്രീയമെന്ന കാഴ്ചപ്പാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ജീവിതമായിരുന്നു കുഞ്ഞാമന്റേത്.