KeralaNEWS

ആരുടെ തിരക്കഥ, നിറയെ പൊരുത്തക്കേടുകൾ: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ നാലാമൻ എവിടെ…? പൊലീസിന്റെ തിരക്കഥ യുക്തിക്കു നിരക്കുന്നില്ലെന്ന് പരക്കെ വിമർശനം

   കേരള പൊലീസിന്റെ അന്വേഷണ മികവും ബുദ്ധി കൂർമ്മതയും ആരും  അഭിനന്ദിക്കും. തുമ്പും തുരുമ്പുമില്ലാത്ത, സങ്കീർണമായ എത്രയോ കേസുകൾ നമ്മുടെ പൊലീസ് തെളിയിച്ചിരിക്കുന്നു. പക്ഷേ ചില സംഭവങ്ങളിൽ ക്രൈം ത്രില്ലറുകളെ വെല്ലുന്ന നട്ടാൽ കുരുക്കാത്ത കഥകളുമായി അവർ രംഗത്തു വരും. സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞ് പൊലീസിനു മുന്നിൽ കീഴടങ്ങുന്ന പ്രതിയെ ഓടിച്ചിട്ടു പിടിച്ചെന്നോ ശക്തമായ ഏറ്റുമുട്ടലിൽ കീഴടക്കി എന്നോ ആയിരിക്കും അവകാശവാദം. പിന്നത്തെ തിരക്കഥയാണ് അതിവിചിത്രം. കുറ്റാന്വേഷണ സാഹിത്യത്തിലെ മഹാരഥന്മാരെ പോലും തോല്പിക്കും.

കേരളത്തെ മുൾമുനയിൽ നിർത്തിയ, ഓയൂരിലെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പൊലീസ് പറയുന്ന കഥ കോട്ടയം പുഷ്പനാഥിന്റെയും ബാറ്റൻ ബോസിന്റെയും ത്രില്ലുകൾക്കും മെലെയാണ്.
അഞ്ചോ പത്തോ ലക്ഷം രൂപ നേടാം എന്ന കണക്കുകൂട്ടലിൽ അപരിചിതയായ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പ്ലാനിട്ടതിൽ എന്ത് യുക്തിയാണ് ഉള്ളത്.
ഓയൂരിൽ മാത്രമല്ല മറ്റ് പല സ്ഥലത്തും കാറുമായി ഈ സംഘം കുട്ടികളെ റാഞ്ചാൻ കറങ്ങി നടന്നു എന്നും പൊലീസ് പറയുന്നു. ഒരു കോടീശ്വര കുടുംബത്തിൽ നിന്നാണ് കുട്ടിയെ തട്ടികൊണ്ട് പോയിരുന്നതെങ്കിൽ പണം ലഭിക്കുമായിരുന്നു എന്ന് തീർച്ച. പക്ഷേ തീരെ പരിചയമില്ലാത്ത ഒരിടത്തരം കുടുംബത്തിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ വിലപേശിയ പത്മകുമാറും കുടുംബവുമോ അതോ കേരളാ പൊലീസോ  ആരാണ് മൂഢസ്വർഗത്തിൽ…?

കുട്ടിയെ തട്ടിക്കൊണ്ടുപോയതും കുറ്റകൃത്യം ആസൂത്രണം ചെയ്തതും പിടിയിലായ മൂന്നംഗ കുടുംബമാണെന്ന് പോലീസ് ആണയിടുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ (52), ഭാര്യ അനിതകുമാരി (45), മകൾ അനുപമ (20) എന്നിവർ മാത്രമാണ് കേസിലെ പ്രതികൾ. മറ്റാർക്കും സംഭവവുമായി ബന്ധമില്ലെന്നും കുട്ടിയുടെ അച്ഛൻ റെജിക്ക് ഇതിൽ പങ്കൊന്നുമില്ലെന്നും എ.ഡി.ജി.പി, എം.ആർ.അജിത്കുമാർ പറഞ്ഞു.

എന്നാൽ പദ്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്ന കഥയുടെ വിശ്വസനീയതയെച്ചൊല്ലി നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

നാലാമൻ എവിടെ…?

കാറിൽ സ്ത്രീകളടക്കം 4 പേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്റെ മൊഴി. എന്നാൽ, അപ്പോഴത്തെ അങ്കലാപ്പിലാണ് ഇങ്ങനെ പറഞ്ഞതെന്നും കേസിൽ പത്മകുമാർ, ഭാര്യ, മകൾ എന്നിവർ  മാത്രമാണുള്ളതെന്നും പൊലീസ് പറയുന്നു.

പക്ഷേ തട്ടിക്കൊണ്ടുപോകൽ ശ്രമത്തെ അവസാനം വരെ ചെറുത്ത കുട്ടിക്ക് ഇത്തരത്തിൽ ഒരു തെറ്റുപറ്റുമെന്ന് ആരു വിശ്വസിക്കും…?
മാത്രമല്ല 3 പ്രതികളാണെങ്കിൽ പൊലീസ് 28നു പുറത്തുവിട്ടത് ആരുടെ രേഖാചിത്രം?

5 കോടിയിലേറെ കടമുള്ളയാൾ 10 ലക്ഷം രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോകുമോ?

കടംകയറി തകർന്ന കുടുംബം അവസാന കച്ചിത്തുരുമ്പായാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ഏറ്റവും അത്യാവശ്യമായി തീർക്കേണ്ട ചില കടങ്ങൾ വീട്ടാനും, ഈടായി നൽകിയിട്ടുള്ള ഏതെങ്കിലും ഭൂമി മോചിപ്പിച്ച് വിൽക്കാനും ഉദ്ദേശിച്ചിരുന്നുവത്രേ.

പക്ഷേ പത്മകുമാറിന് 1.1 കോടി ബാധ്യതയുടെ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരള ബാങ്കിൽ 60 ലക്ഷം, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിൽ 10 ലക്ഷം, ചാത്തന്നൂർ അർബൻ ബാങ്കിൽ 25 ലക്ഷം, നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ 15 ലക്ഷം രൂപ എന്നിങ്ങനെ. പോളച്ചിറയിൽ 3 ഏക്കർ വസ്തു, തമിഴ്നാട്ടിൽ കൃഷി, ആഡംബര വീട്, 2 കാറുകൾ എന്നിവയുണ്ട്. 2 കാറു വിറ്റാലും പെട്ടെന്നുണ്ടായ ബാധ്യത തീർക്കാം. മകൾക്ക് യുട്യൂബിൽനിന്ന് മാസം  5 ലക്ഷം രൂപ വരെ വരുമാനം കിട്ടുമെന്ന പൊലീസ് വാദം ശരിയെങ്കിൽ വർഷം 50–60 ലക്ഷം രൂപ വരുമാനം കിട്ടിയിരുന്നു. എന്നിട്ടും 10 ലക്ഷം രൂപയ്ക്കുവേണ്ടി തട്ടിക്കൊണ്ടു പോകുമോ ?

നമ്പർ കിട്ടിയതെങ്ങനെ ?

കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ പ്രതികൾക്കു കിട്ടിയതെങ്ങനെ ? തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന സമയത്ത് വീട്ടിൽ നൽകണം എന്നുപറഞ്ഞ് കുട്ടികൾക്കു നൽകിയ കുറിപ്പിൽ കുട്ടിയുടെ മുത്തച്ഛന്റെ കടയിലെ ഫോൺ നമ്പർ ചേർത്തിരുന്നുവെന്നും ആ നമ്പറിലേക്കു വിളിക്കാം എന്നാണ്  പ്ലാനിട്ടിരുന്നതെന്നും പറയുന്നു. എന്നാൽ, ആ നമ്പറിലേക്കു പ്രതികൾ വിളിച്ചിട്ടില്ല. പിടിവലിക്കിടെ കുറിപ്പ് കാറിൽ വീണെന്നും പ്രതികൾ അതു കത്തിച്ചുകളഞ്ഞെന്നും പൊലീസ് പറയുന്നു.

എത്ര ഫോൺ കോൾ ?

മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ മാത്രമാണു വന്നതെന്നും 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും എഡിജിപി പറയുന്നു. എന്നാൽ, 5 ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്കു കോൾ എത്തിയത് ചാനൽ ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീടാണ് 10 ലക്ഷം ആവശ്യപ്പെട്ടുള്ള ഫോൺ വന്നത്. ഒരു കോൾ മാത്രമെന്നു പറയുന്നത് എന്തുകൊണ്ട് ?

കുട്ടിയുടെ അച്ഛൻ റെജിയുടെ ആരോപണം ?

തന്നെയും താൻ ഭാരവാഹിയായ സംഘടനയെയും പൊലീസ് ടാർഗറ്റ് ചെയ്യുന്നതായി കുട്ടിയുടെ അച്ഛൻ റെജി ആരോപിച്ചിരുന്നു. സംഘടനയിലെ ചിലരിൽനിന്നു പൊലീസ് വിവരങ്ങൾ തേടുകയും ചെയ്തു. നഴ്സിങ് പ്രവേശനത്തിന് 5 ലക്ഷം രൂപ കൊടുത്തു എന്ന വാദം പൊലീസ് ഇപ്പോൾ നിഷേധിക്കുന്നു. പൊലീസ് ടാർഗറ്റ് ചെയ്യുന്നുവെന്ന് ആരോപിക്കാനിടയായ സാഹചര്യം എന്ത് ?

പൊലീസ് ലൊക്കേഷൻ അറിഞ്ഞത് എങ്ങനെ ?

പ്രതികൾ ഓപ്പറേഷനിലുടനീളം ഫോൺ ഉപയോഗിച്ചില്ലെന്ന് പൊലീസ്. എന്നാൽ, മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അതേ പൊലീസ് പറയുന്നു. കുട്ടിയെ ഉപേക്ഷിച്ച സമയത്ത് പ്രതികളുടെ ഫോൺ ആശ്രാമം മൈതാനത്തെ ടവർ പരിസത്തുണ്ടായിരുന്നുവെന്ന് എഡിജിപി പറഞ്ഞതിലും വൈരുധ്യം.

ആശ്രാമത്തുനിന്ന് എങ്ങോട്ട് ?

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പത്മകുമാറും ഓട്ടോറിക്ഷയിൽ കൊല്ലം നഗരത്തിൽ തന്നെയുള്ള ബിഷപ് ജെറോം നഗറിൽ എത്തിയെന്നു പൊലീസ് പറയുന്നു. ഇത്തരത്തിൽ മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീ ആശ്രാമം മൈതാനത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറിയെന്ന് ഇതുവരെ ഒരു ഓട്ടോ ഡ്രൈവറും വെളിപ്പെടുത്താത്തതും ദുരൂഹമാണ്.

പോലീസ് പറഞ്ഞത്: കേബിൾ ടി.വി. ബിസിനസ് നടത്തിവന്ന പദ്മകുമാറിന് കോവിഡിനു പിന്നാലെ വളരെയധികം കടം വന്നു. എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയിലായിരുന്നു ഒരുവർഷമായി കുടുംബം. അതിനുമുമ്പുതന്നെ പ്രതികൾ പദ്ധതിയിട്ടിരുന്നു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ചു. ഓട്ടുമലയിൽ രണ്ടുകുട്ടികളും ട്യൂഷൻ കഴിഞ്ഞ് ആറരമണിയോടെ പോകുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ടുമൂന്നു പ്രാവശ്യം കുട്ടിയെ കണ്ടു. ഒരുതവണ കുട്ടിയുടെ അമ്മതന്നെ ട്യൂഷൻ സെന്ററിൽനിന്നു കുട്ടിയെ വിളിച്ചതിനാൽ തട്ടിയെടുക്കൽ നടന്നില്ല. ഒരുപ്രാവശ്യം കുട്ടിയുടെ അമ്മൂമ്മ ഒപ്പമുള്ളതിനാൽ പദ്ധതി പാളി.

തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയുടെ വീട്ടിലേക്കു വന്ന ഫോൺവിളി ശബ്ദം കേസിൽ വഴിത്തിരിവായി. ശബ്ദം അനിതയുടേതാണെന്നു സംശയിച്ച്, ഒരു വ്യക്തി പോലീസിനെ അറിയിച്ചു. അന്വേഷിച്ചു ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരുന്നു. വീട്ടുടമ പദ്മകുമാറിന്റെ ഫോൺ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സമയത്ത് ഫോൺ കൊല്ലം നഗരത്തിലുണ്ടായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ തെങ്കാശി ഭാഗത്തായി. രേഖാചിത്രത്തിലെ സാദൃശ്യം സംശയം ബലപ്പെടുത്തി. ചിത്രം കാണിച്ച് കുട്ടിയെക്കൊണ്ടുതന്നെ ഉറപ്പു വരുത്തി. കുട്ടിയെ ഉപേക്ഷിച്ചശേഷം തത്‌കാലം മാറിനിൽക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. തെങ്കാശിയിൽ മുറിയെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങവേയാണ് പ്രതികളെ പിടികൂടുന്നത്. യാത്രയിൽ പ്രതികൾ മൊബൈൽ ഉപയോഗിച്ചിരുന്നില്ല. പിടികൂടിയപ്പോൾ പദ്‌മകുമാറിന്റെ ഫോണിൽ വ്യാജ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ കണ്ടത് സ്ഥിരീകരണത്തിന് സഹായകമായി.

നാലുദിവസം പോലീസിനെ വട്ടംചുറ്റിച്ച പദ്‌മകുമാറും കുടുംബവും ഇത്ര നിസ്സാരമായ തുകയ്ക്കുവേണ്ടി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുമോ, ഇതുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾ എവിടെവരെയായി തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുകയാണിപ്പോഴും.
ഏക മകളെയും ഭാര്യയെയും നിസ്സാരമായ തുകയ്ക്കുവേണ്ടി ഇത്ര വലിയ കുറ്റകൃത്യത്തിൽ പങ്കാളിയാക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.

Back to top button
error: