CrimeNEWS

പൊലീസ് ചമഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കവര്‍ച്ച; നിയമവിദ്യാര്‍ഥിനിയും സംഘവും അറസ്റ്റില്‍

കൊച്ചി: പൊലീസ് സ്‌ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. നിയമവിദ്യാര്‍ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ശേഷം കടന്ന പ്രതികളെ പൊലീസ് സംഘം തൃശൂര്‍ ഇരിങ്ങാലക്കുട ടൗണില്‍ നിന്ന് സാഹസികമായി വാഹനത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി 5 മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം തുടങ്ങിയവയും കവര്‍ന്നെന്നാണ് ഇവര്‍ക്കെതിരായ കേസ്. കഴിഞ്ഞ മാസം 15ന് രാത്രി 12 നായിരുന്നു ആക്രമണം.

Signature-ad

എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്‌സണ്‍ ഫ്രാന്‍സിസ്(39), ആലുവ തൈക്കാട്ടുകര ഡിഡി ഗ്ലോബല്‍ മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.

ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരന്‍ വഴി ഹോസ്റ്റലില്‍ എത്തി സെജിന്‍ സംസാരിച്ചിരിക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം പൊലീസ് സ്‌ക്വാഡ് ആണെന്ന വ്യാജേന ജയ്‌സണും കയിസും അതിക്രമിച്ചു കയറി മൊബൈലുകളും സ്വര്‍ണാഭരണങ്ങളും കവരുകയായിരുന്നു. പ്രതികള്‍ വന്ന കാറിനുള്ളിലെ സ്ത്രീയെ നിരീക്ഷണത്തിന് ഏല്‍പിച്ചായിരുന്നു കവര്‍ച്ചയും കയ്യേറ്റവും.

ഊട്ടി, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഒന്നിന് തൃശൂരില്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസിന്റെ സഹായത്തോടെ വാഹനം തടയുകയായിരുന്നു. പ്രതികള്‍ കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചു കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

Back to top button
error: