മുണ്ടക്കയം: ഉയരങ്ങള്‍ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് മുണ്ടക്കയം വെട്ടുകല്ലാംകുഴി ഇലഞ്ഞിമറ്റത്തില്‍ എ.ജെ. മാത്യു
കുന്നംകുളത്തു നടന്ന സംസ്ഥാന വെറ്ററൻസ് അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയാണ് മാത്യു മിന്നും താരമായി മാറിയത്.
100, 200, 400 മീറ്ററിലാണ് ഈ നേട്ടം. സ്‌കൂള്‍ കാലഘട്ടത്തില്‍ ജില്ല, സംസ്ഥാന ചാമ്ബ്യനായിരുന്നു. സ്പോര്‍ട്‌സ് കോട്ടയില്‍ മദ്രാസ് പൊലീസില്‍ 10 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. വി.ആര്‍.എസ് എടുത്ത് പിന്നീട് ബിസിനസിലേക്ക് തിരിയുകയായിരുന്നു.
കോട്ടയത്ത് രണ്ട് സ്പെയര്‍പാര്‍ട്സ് കടകളുണ്ട്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തു നൂറു കണക്കിന് മെഡലുകളാണ് ഇതുവരെ സമ്ബാദിച്ചത്. സംസ്ഥാനതലത്തില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയതോടെ ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍. മാത്യുവിന് പിന്തുണയുമായി ഭാര്യ ലീലാമ്മയും ഒപ്പമുണ്ട്. ബിസിനസുകാരായ സാജ് മാത്യു, സുജ മാത്യു എന്നിവരാണ് മക്കള്‍.