KeralaNEWS

നവകേരള സദസിനിടെ ഗ്യാസടുപ്പില്‍ പാചകം വേണ്ട; ഉത്തരവ് ‘ഗ്യാസ് ട്രബിളായ’തോടെ മാറ്റം വരുത്തി

കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവാദ ‘ഗ്യാസ്’ ഉത്തരവില്‍ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പുതിയ നിര്‍ദേശം.

നവ കേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്നായിരുന്നു ആദ്യം കച്ചവടക്കാര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. തീരുമാനം വിവാദമായതോടെയാണ് നിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്.

Signature-ad

നവ കേരള സദസ്സിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്നായിരുന്നു പൊലീസിന്റെ നിര്‍ദേശം. എറണാകുളം ആലുവ ഈസ്റ്റ് പൊലീസാണ് ആലുവ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഭക്ഷണം മറ്റിടങ്ങളില്‍ വച്ച് പാചകം ചെയ്തശേഷം കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നുമാണ് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

കടകളിലെ ജീവനക്കാര്‍ക്ക് പരിശോധനകള്‍ നടത്തിയ ശേഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും നല്‍കും. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്ത ജീവനക്കാരെ കടകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. നവ കേരള സദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഈ മാസം ഏഴിന് ആലുവയില്‍ എത്തിച്ചേരാന്‍ ഇരിക്കെയാായിരുന്നു പൊലീസിന്റെ വിചിത്ര നിര്‍ദേശം.

 

Back to top button
error: