ബെംഗളൂരു: മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പിതാവ് മകനെ കുത്തികൊന്നു. മൈസൂരു ബന്നിമണ്ഡപ് സ്വദേശി ഉമേസ് (22) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഉമേസിന്റെ പിതാവ് അസ്ലം പാഷയെ (53) പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഉമേസ്, മാതാവിന്റെ ഫോണുപയോഗിച്ചാണ് സ്ഥിരമായി ഗെയിമുകള്‍ കളിച്ചിരുന്നത്. ഫോണ്‍ അമിതമായി ഉപയോഗിക്കരുതെന്ന് പലവട്ടം അസ്ലം പാഷ മകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ബുധനാഴ്ച വൈകീട്ട് ഉമേസ് മൊബൈലില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അസ്ലം പാഷ ഫോണ്‍ മാതാവിന് തിരികെ നല്‍കാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് പ്രകോപിതനായ അസ്ലം പാഷ അടുക്കളയില്‍നിന്ന് കറിക്കത്തി എടുത്തുവന്ന് ഉമേസിനെ കുത്തിയത്.
വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും അയല്‍വാസികളും ചേര്‍ന്ന് ഉമേസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.