KeralaNEWS

‘വിഷമിക്കേണ്ട. നന്നായി പഠിക്കണം,’ അബദ്ധത്തിൽ കണ്ണിൽ കൈ തട്ടിയ എൻസിസി കേഡറ്റിനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് മുഖ്യമന്ത്രി; ഒപ്പം സമ്മാനവും

      മലപ്പുറം:  നവകേരള സദസിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ കൈ തട്ടിയ എൻസിസി കേഡറ്റിനെ ചേർത്ത് പിടിച്ച് പിണറായി വിജയൻ. മഞ്ചേരിയിലെ നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു.

കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നായിരുന്നു പ്രചാരണം. ഇതോടെ വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് താത്പര്യപ്പെട്ടു.

പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. ‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. ബുധനാഴ്ച രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്സ് ഹയർസെകൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.

Back to top button
error: