ബിഗ്ബി അമിതാഭ് ബച്ചന്‍ ക്വിസ്റ്റ് മാസ്റ്ററായെത്തുന്ന ജനപ്രിയ ക്വിസ് ഷോയില്‍ ചരിത്രം സൃഷ്ടിച്ച് കൗമാരക്കാരന്‍ മായങ്ക്. ‘കോന്‍ ബനേഗ ക്രോര്‍പതി’യില്‍ ഒരു കോടി രൂപ നേടി ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായി ഈ 13 കാരന്‍.
ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മായങ്ക്. വിജയിയെ അഭിനന്ദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററില്‍ കുറിപ്പെഴുതി. മാതാപിതാക്കളും ആതിഥേയനായ അമിതാഭ് ബച്ചനും നല്‍കിയ പിന്തുണയ്ക്ക് മായങ്ക് നന്ദി പറഞ്ഞു. മാതാപിതാക്കളുടെ മാര്‍ഗ നിര്‍ദേശങ്ങളാണ് തനിക്ക് വിജയം നേടി തന്നതെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു.
ഷോയുടെ 15-ാം പതിപ്പില്‍ 16-ാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയതോടെയാണ് ഒരു കോടി രൂപയുടെ സമ്മാനം മായങ്കിനെ തേടിയെത്തിയത്. ‘പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്റെ ബഹുമതി ഏത് യൂറോപ്യന്‍ കാര്‍ട്ടോഗ്രാഫറാണ്?’ എന്നതായിരുന്നു ഒരു കോടി രൂപ വിലയുള്ള ചോദ്യം. എബ്രഹാം ഒര്‍ട്ടേലിയസ്, ജെറാഡസ് മെര്‍കാറ്റര്‍, ജിയോവാനി ബാറ്റിസ്റ്റ ആഗ്‌നീസ്, മാര്‍ട്ടിന്‍ വാള്‍ഡ്‌സീമുള്ളര്‍. എന്നിങ്ങനെ നാല് പേരുകളായിരുന്നു ഉണ്ടായിരുന്നത്. ആശങ്കയില്ലാതെ മായങ്ക് മാര്‍ട്ടിന്‍ വാള്‍ഡ്സീമുള്ളറിന്റെ പേര് പറഞ്ഞു. ഇതോടെ ഒരു കോടി രൂപ മായങ്കിനു ലഭിച്ചു.
ഒരു കോടി രൂപ സമ്മാനം നേടുന്നതിനിടെയുള്ള ചോദ്യങ്ങള്‍ക്കിടെ ലൈഫ് ലൈനുകളൊന്നും തന്നെ ഉപയോഗിക്കാതെ മായങ്ക് 3.2 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി. പിന്നീട് 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് മായങ്ക് തന്റെ ആദ്യ ലൈഫ് ലൈന്‍ ഉപയോഗിക്കുന്നത്. 15 ചോദ്യങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ മായങ്കിന് കഴിഞ്ഞു. ഇതോടെ ഒരു കോടി രൂപയുടെ ചോദ്യത്തിലേക്ക് മായങ്ക് എത്തി.
ഏറ്റവും ഒടുവിലായി ഏഴ് കോടി രൂപയ്ക്കുള്ള ചോദ്യത്തിനും മായങ്ക് ശ്രമം നടത്തിയെങ്കിലും ഉത്തരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 13 കാരന്‍ മത്സരത്തിൽ നിന്നു പിൻവാങ്ങി.