CrimeNEWS

നാട്ടുക്കൂട്ടത്തിന്റെ ഉത്തരവ് കുടുംബം നടപ്പാക്കി; ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18 വയസ്സുകാരിയെ കൊലപ്പെടുത്തി കുടുംബം. നൃത്തത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദുരഭിമാനക്കൊല. ഖൈബര്‍ പക്തൂണ്‍ഖ്വയിലെ കൊഹിസ്താന്‍
ജില്ലയിലാണ് സംഭവം. വീഡിയോയിലുണ്ടായിരുന്ന മറ്റൊരു കുട്ടി പൊലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ജിര്‍ഗയുടെ (നാട്ടുക്കൂട്ടം) നിര്‍ദേശ പ്രകാരമാണ് പെണ്‍കുട്ടിയുടെ കുടുംബം കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേ വീഡിയോയിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും ജിര്‍ഗ വധശിക്ഷ വിധിച്ചെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരില്‍നിന്ന് തനിക്ക് ഭീഷണിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോയിലുള്ള ആണ്‍കുട്ടികള്‍ ഒളിവിലാണ്.

Signature-ad

സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 2011ല്‍ ഇതുപോലെ രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായിരുന്നു. കുടുംബ ചടങ്ങില്‍ പുരുഷന്‍ നൃത്തം ചെയ്യുമ്പോള്‍ കൈ കൊട്ടിയതിന് അഞ്ച് സ്ത്രീകളെ കൊലപ്പെടുത്താന്‍ ജിര്‍ഗ നിര്‍ദേശം നല്‍കി. വീഡിയോയിലുണ്ടായിരുന്ന ആളുടെ മൂന്ന് സഹോദരന്മാരും പിന്നീട് കൊല്ലപ്പെട്ടു. ഈ സംഭവം പുറത്തു പറഞ്ഞ ആള്‍ നിരന്തര ഭീഷണികള്‍ക്ക് പിന്നാലെ 2019ല്‍ കൊല്ലപ്പെട്ടു.

Back to top button
error: