KeralaNEWS

കെഎസ്ആർടിസിക്ക് നാല് ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫീസർമാരെ നിയമിച്ചു; നാല് പേരും എഞ്ചിനീയറിങ് ബിരുദധാരികൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നാല് ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് സർക്കാരിൽ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിങ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ചു. കെഎഎസ് ഓഫീസർമാരെ ആദ്യമായാണ് ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രൊഫഷലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിലും, മാനേജ്‍മെന്റ് ഘടന മൊത്തത്തിൽ ഉടച്ചുവാർക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിന് ശേഷം ഇവരെ സോണൽ ജനറൽ മാനേജർമാരായും, ഹെഡ്ക്വാർട്ടേഴ്സിലും നിയമിക്കും.

നിലവിൽ മലപ്പുറം ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർറായ സരിൻ എസ്.എസ്, കോഴിക്കോട് ജില്ലാ ഓഡിറ്റ് ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജോഷോ ബെനെറ്റ് ജോൺ, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇടുക്കി ഓഫീസിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ രാരാരാജ് ആർ, കണ്ണൂർ ഇറി‍ഗേഷൻ പ്രോജക്ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് റോഷ്ന അലിക്കുഞ്ഞ് എന്നിവരെയാണ് കെഎസ്ആർടിസിയുടെ ജനറൽ മാനേജർ തസ്തികയിലേക്ക് നിയമിച്ചത്.

Signature-ad

വർക്കല ഇടവ സ്വദേശിയായ രാരാരാജ് ആർ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ബിരുദധാരിയാണ്. ഐ.ഐ.ഐ.ടി.എം.കെയിൽ നിന്നും ഇ-ഗവേൺസിൽ പി.ജി ഡിപ്ലോമയും നേടിയയിട്ടുണ്ട്. ആറ് വർഷം പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. കെഎഎസ് ലഭിച്ച ശേഷം ജിഎസ്‍ടി ഡെപ്യൂട്ടി കമ്മീഷണറായി ജോലി നോക്കിവരവെയാണ് കെഎസ്ആർടിസിയിൽ നിയമനം. ഫെഡറൽ ബാങ്ക് കോഴഞ്ചേരി ശാഖയിലെ ചീഫ് മാനേജരായ ​ഗായത്രി എസ് ഭാര്യയും, വിരാട് ആദി കേശവ് മകനുമാണ്.

കൊല്ലം പെരിനാട് സ്വദേശിയായ ജോഷോ ബെനെറ്റ് ജോൺ വയനാട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ബിരുദവും, അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ കാമ്പസിൽ നിന്നും എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബിഎസ്എൻഎല്ലിൽ ജൂനിയർ എഞ്ചിനീയറും, ഇൻഡസ്ട്രീസ് ആന്റ് കോമേഴ്സ് ഡിപ്പാർട്ട്മെന്റിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫീസറായും ജോലി നോക്കിയിരുന്നു. ഐടി കമ്പനിയായ കോ‍ഗ്നിസെന്റ് ടെക്നോളജി സൊല്യൂഷൻസിൽ സോഫ്‍റ്റ്‍വെയർ എഞ്ചിനീയറുമായിരുന്നു. കെഎസ്ആർടിസിയിലെ നോർത്ത് സോണൽ എടിഒ ആയിരുന്ന സി.എ ജോൺ പിതാവാണ്. ചവറ സർക്കാർ കോളേജിലെ അസി. പ്രൊഫ. സാനി മേരി റൂസ് വെൽറ്റാണ് ഭാര്യ.

കൊല്ലം പൻമന സ്വദേശിനിയായ റോഷ്ന അലിക്കുഞ്ഞ് ബിടെക് ബിരുദധാരിയാണ്. വ്യവസായ വകുപ്പിൽ അസിസ്റ്റന്റ് ജില്ലാ ഇൻഡസ്ട്രിയൽ ഓഫീസറായും, വ്യവസായ വികസന ഓഫീസറുമായി ഏഴ് വർഷവും, കേരള കാഷ്യൂ വർക്കേഴ്സ് റിലീഫ് ആന്റ് വെൽഫയർ ഫണ്ട് ബോർഡിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറായും ജോലി നോക്കിയിട്ടുണ്ട്. കെഎഎസ് ലഭിച്ച ശേഷം ഇറി​ഗേഷൻ ഡിപ്പാർട്ട്മെന്റിൽ ഫിനാൻഷ്യൽ അസിസ്റ്ററ്റ് ആയി ജോലി നോക്കവെയാണ് കെഎസ്ആർടിസിയിലേക്കുള്ള നിയമനം. റിട്ട കോളേജ് പ്രൊഫസറായിരുന്ന പരേതനായ ഇ അലിക്കുഞ്ഞാണ് പിതാവ്. കെഎസ്ഇബിയിലെ അസിസ്റ്റ് എഞ്ചിനീയറായ ഷെഫീഖ്. വൈ ആണ് ഭർത്താവ്.

തിരുവനന്തപുരം കാട്ടക്കട സ്വദേശിയായ സരിൻ എസ്.എസ്. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ബിടെക് ബിരുദധാരിയാണ്. മലപ്പുറം ഡിസാസ്റ്റർ മാനേജ്മെന്റ് അസിസ്റ്റന്റ് കളക്ടറായി ജോലി നോക്കവെയാണ് കെഎസ്ആർടിസിയിലേക്കുള്ള നിയമനം. റിട്ട എസ്.ഐ ആയ സെബാസ്റ്റ്യൻ ഡി.എഫിന്റേയും, വനിതാ സിപിഒ ആയ സുനി ഡി യുടേയും മകനാണ്.

Back to top button
error: