KeralaNEWS

എല്‍ഡിസി വിജ്ഞാപനം ഇന്ന്; പ്രിലിമിനറി ഇല്ല, യോഗ്യത പത്താം ക്ലാസ്

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്സി ഇന്ന് പുറത്തിറക്കും. ഏറെക്കാലമായി ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുന്ന വിജ്ഞാപനമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ ഒരുമാസത്തെ സമയപരിധിയുണ്ടാകും. പരീക്ഷാ തീയതി ജനുവരി ഒന്നിനാകും പ്രഖ്യാപിക്കുക. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല.

2024 പകുതിയോടെയാകും പരീക്ഷകള്‍ നടത്തുക. 2025ല്‍ റാങ്ക് ലിസ്റ്റ് നിലവില്‍വരും. എല്‍ഡിസിയ്ക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. പ്രായപരിധി 18 – 36. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 5 വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.

Signature-ad

നിലവിലുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ജൂലൈ 31നാണ് അവസാനിക്കുക. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്ന് തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണ എല്‍ഡി ക്ലാര്‍ക്ക് തസ്തികയ്ക്ക് 17,58,338 പേര്‍ അപേക്ഷ നല്‍കിയിരുന്നു. എല്‍ഡിസിയ്ക്ക് പിന്നാലെ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിച്ചേക്കും. പിഎസ്സിയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉണ്ടാകാറുള്ള രണ്ടു പ്രധാന പരീക്ഷകളാണിവ. രണ്ടു ഘട്ട പരീക്ഷ വേണ്ടെന്നുവച്ചതോടെ ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ഉദ്യോഗാര്‍ഥി പ്രാഥമിക പരീക്ഷയും മെയിന്‍ പരീക്ഷയും എഴുതുന്ന രീതിയാണ പിഎസ്സി ഇത്തവണ വേണ്ടെന്ന് വെച്ചത്. ഇതിലൂടെ ഒരു പരീക്ഷ എഴുതി തന്നെ റാങ്ക് പട്ടികയില്‍ കയറാന്‍ കഴിയും. ഉദ്യോഗാര്‍ഥികളുടെ എണ്ണക്കൂടുതല്‍ പരിഹരിക്കാന്‍ 3 ജില്ലകള്‍ക്കായി ഒരു പരീക്ഷ എന്ന രീതിയാകും നടപ്പാക്കുക. രണ്ട് വര്‍ഷം മുന്‍പായിരുന്നു പിഎസ്സി പ്രാഥമിക പരീക്ഷ ആരംഭിച്ചത്. അന്ന് തന്നെ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

Back to top button
error: