കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടില്‍ കെ.സി വേണുഗോപാല്‍ അനുകൂലികള്‍ യോഗം ചേര്‍ന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു യോഗം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള പക്ഷം നേട്ടമുണ്ടാക്കിയിരുന്നു. കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതിനെതിരെ പരാതി നല്‍കാനൊരുങ്ങകയാണ് ‘എ’ ഗ്രൂപ്പ്. പ്രവര്‍ത്തകരും നേതാക്കളും സൗഹൃദ സന്ദര്‍ശനത്തിനെത്തിയതാണെന്നാണ് തിരുവഞ്ചൂരിന്റെ വിശദീകരണം.
തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള കോട്ടയത്ത് കെ.സി വേണുഗോപാല്‍ ഗ്രൂപ്പ് യൂത്ത് കോണ്‍ഗ്രസ് തെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പുതിയ വിവാദം. തിങ്കളാഴ്ച വൈകീട്ട് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് , ജന സെക്രട്ടറി സിബി ചേനപ്പാടി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിനെത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ബ്ലോക്ക് പ്രസിഡന്റുമാരും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടിക്കൊപ്പം കോട്ടയത്ത് ‘എ’ ഗ്രൂപ്പിനെ നയിച്ച കെ.സി ജോസഫും തിരുവഞ്ചൂരും തമ്മില്‍ അകന്നതാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വഴി തുറന്നത്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കം എ ഗ്രൂപ്പിനൊപ്പമാണ്. ശശി തരൂരിന് സ്വീകരണമൊരുക്കുന്നതിനെ ചൊല്ലി ഡി.സി.സി നേതൃത്വവുമായി തെറ്റിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കം വലിയൊരു വിഭാഗം തിരുവഞ്ചൂരിനെ പിന്തുണക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം ഇരു വിഭാഗവും വെവ്വേറെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. അതേസമയം തിരുവഞ്ചൂരിലെ വീട്ടിലെ ഗ്രൂപ്പ് യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും.