KeralaNEWS

നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകൾക്ക് അവസാനമായി; ആശ്വാസത്തിന്റെ പുഞ്ചിരിയുമായി റെജിയും കുടുംബവും 

കൊല്ലം: രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാർത്ത എത്തി.ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയതോടെ ഒരു രാപ്പകലന്തിയോളം കേരളക്കരയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്കാണ് വിരാമമായത്.
ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ റെജിയെ ഇന്ന് ഉച്ചയ്ക്കാണ് കൊല്ലം ആശ്രാമം പരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നതായി വിദ്യാർഥികൾ പറയുന്നു.
കൊല്ലം നഗരത്തിനുള്ളിൽ തന്നെയാണ് ആശ്രാമം മൈതാനം.പഴുതടച്ചുള്ള പോലീസ് അന്വേഷണത്തെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു എന്നാണ് സൂചന അതേസമയം കൊല്ലം ആശ്രാമം പോലെയുള്ള  ഒരു പ്രധാന ഭാഗത്ത് പട്ടാപ്പകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച്‌ അവർ  കുഞ്ഞുമായി വാഹനത്തില്‍  എത്തിയശേഷം  കടന്നുകളഞ്ഞത് പോലീസിന്റെ പിടിപ്പുകേട് ആണെന്നും ഒരുവിഭാഗം വാദിക്കുന്നു.എന്നാല്‍, പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികള്‍ക്ക് സംസ്ഥാനം വിടാൻ അവസരം നല്‍കാതിരുന്നതിന് ചിലര്‍ പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.

കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണന്നാണ് വിവരം.അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയവർക്കായി തിരച്ചിൽ തുടരുകയാണ്.

 

കൊല്ലം ഓയൂരില്‍ വച്ച്‌ ഇന്നലെ വൈകിട്ട് 4.45നാണ് വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറില്‍ എത്തിയവര്‍ കുട്ടിയെ കടത്തിക്കൊണ്ടു പോയത്.സഹോദരന്‍ ജൊനാഥനൊപ്പം ട്യൂഷന് പോകുമ്ബോഴാണ് സംഭവം.മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്.

ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം.കാറിൽ എത്തിയവർ ഒരു നോട്ടിസ് നൽകി, അത് അമ്മയെ ഏൽപിക്കണം എന്നു പറഞ്ഞ് ജോനാഥന്റെ ശ്രദ്ധയകറ്റിയ ശേഷം അബിഗേലിനെ കയ്യിൽ പിടിച്ചു കാറിലേക്കു  വലിച്ചു കയറ്റുകയായിരുന്നു.ജോനാഥൻ തടയാൻ ശ്രമിച്ചെങ്കിലും കുട്ടിയെ തള്ളിയിട്ടശേഷം സംഘം കാറോടിച്ചു പോകുകയായിരുന്നു.
ജോനാഥന്റെ കരച്ചിൽ കേട്ടു പുറത്തിറങ്ങിയ അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയതാണെന്ന് നാട്ടുകാർക്കു മനസ്സിലായത്.

കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു.പിന്നാലെ വീട്ടിൽ പ്രത്യേക പ്രാർഥനയും നടത്തി.യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡന്റും പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റൽ ഡയാലിസിസ് സെക്ഷൻ സ്റ്റാഫുമായ റെജി ജോണിന്റെ മകളാണ് അബിഗേൽ റെജി.

Back to top button
error: