KeralaNEWS

ഉദ്യോഗസ്ഥര്‍ ആരെയാണ് സന്തോഷിപ്പിക്കുന്നത്? കുട്ടികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ല; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ഉത്തരവുകള്‍ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥര്‍ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡിഡിഇ നല്‍കിയ വിവാദ ഉത്തരവിനെ ചോദ്യം ചെയ്ത് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതിന് മറുപടിയായി നവകേരളാ സദസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Signature-ad

ഉദ്യോഗസ്ഥന്റെ നടപടി കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടു നല്‍കാനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ രണ്ട് ഉത്തരവുകള്‍ക്കുമെതിരായ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു.

Back to top button
error: