ഘാനയിലെ കുമാസിയിൽ നിന്നുള്ള പെപ്രയ്ക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ആദ്യ ഡിവിഷനുകളിൽ കളിച്ച പരിചയമുണ്ട്.ഘാന പ്രീമിയർ ലീഗിൽ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസൽ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് 22 കാരനായ സ്‌ട്രൈക്കർ ആദ്യം ശ്രദ്ധ നേടിയത്.
2019 ലെ തന്റെ അരങ്ങേറ്റ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളാണ് അദ്ദേഹം നേടിയത്. എന്നാൽ, 2020/21 സീസണിൽ 12 ഗോളുകൾ നേടി പെപ്ര ക്ലബിന്റെ ടോപ്പ് സ്‌കോററാകുകയും ചെയ്തു.
പിന്നീട് 2021-ൽ ഒർലാൻഡോ പൈറേറ്റ്‌സിലേക്ക് മാറിയ പെപ്ര, ‘പൈറേറ്റ്‌സ് പ്ലെയർ ഓഫ് ദി സീസൺ’ ആയി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടേയി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി എത്തിച്ച വിദേശ താരം ഇതുവരെ ഫോം കണ്ടെത്താത്തതിൽ ആരാധകർക്കുമുണ്ട് വിഷമം. 2023 – 2024 ഐ എസ് എൽ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടും വിദേശ താരത്തിന് സ്വന്തം പേര് അടയാളപ്പെടുത്താൻ സാധിക്കാത്തതാണ് ആരാധകരുടെ വിഷമത്തിനും വിമർശനത്തിനൂം കാരണം.
ഖ്വാമെ പെപ്രയുടെ ഫോമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിലെ ഇന്നത്തെ പ്രധാന ചർച്ചാ വിഷയം. ഏഴ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടും ഒരു ഗോൾ നേടാനോ ഒരു അസിസ്റ്റ് നടത്താനോ 22 കാരനായ ഈ സ്‌ട്രൈക്കറിനു സാധിച്ചിട്ടില്ല. അതേസമയം, ഖ്വാമെ പെപ്രയ്ക്ക് ഒപ്പം 2023 – 2024 വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലൂടെ മഞ്ഞപ്പടയിൽ എത്തിയ ജാപ്പനീസ് അറ്റാക്കിങ് മിഡ്ഫീൽഡർ ഡൈസുകെ സകായ് (Daisuke Sakai) കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെതിരേ ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തു.
ഇസ്രേയേലി ക്ലബ്ബുമായുള്ള കരാർ റദ്ദാക്കിയ ശേഷമായിരുന്നു ഖാമെ പെപ്ര ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. രണ്ട് ആഴ്ച മാത്രമായിരുന്നു ഇസ്രയേലി ക്ലബ്ബിൽ പെപ്ര ഉണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വൻ ഹൈപ്പോടെ എത്തിയ താരത്തിന് ഇതുവരെ തന്റെ പേര് അടയാളപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നതാണ് ദയനീയം.
ഇതിനിടെ ഖ്വാമെ പെപ്രയെ ഐ ലീഗിൽ കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ് സിക്ക് കൈമാറിയശേഷം ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ അവർക്ക് നൽകിയ ജെസ്റ്റിൻ എമ്മാനുവലിനെ തിരിച്ച് എത്തിക്കണമെന്ന ആവശ്യവും ആരാധകർ ഉന്നയിച്ചിട്ടുണ്ട്.2023 ഡ്യൂറൻഡ് കപ്പിൽ ജെസ്റ്റിൻ എമ്മാനുവൽ മൂന്ന് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി കളത്തിലെത്തി രണ്ട് ഗോൾ സ്വന്തമാക്കിയിരുന്നു.