കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്നു സ്വകാര്യ വ്യക്തിയുടെ പിരയിടത്തില്‍നിന്നു മണ്ണിടിഞ്ഞ് കിച്ചാൻപാറ റോഡിലേക്കും സമീപത്തെ വീടിനു മുകളിലേക്കും പതിക്കുകയായിരുന്നു.
വീട്ടിലുള്ളവര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. റോഡില്‍ മണ്ണ് വീണതോടെ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. നാട്ടുകാര്‍ ചേര്‍ന്നു റോഡിലെ മണ്ണ് കോരിനീക്കിയാണ് താത്കാലിക സഞ്ചാരസൗകര്യം ഒരുക്കിയത്.
കൊക്കയാർ നാരകംപുഴ പന്തപ്ലാക്കൽ അജിവുദ്ദീന്റെ വീടിനോടു ചേർന്നുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്നുവീണ് വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.കൊക്കയാർ നാരകംപുഴ – പുളിക്കത്തടം റോഡിൽ ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടു. മെറ്റലുകൾ ഇളകി മാറിയ നിലയിലാണ്.
മാവ് കടപുഴകി വീണ് ആലുങ്കൽ തടത്തിൽ മുരളീധരൻ നായരുടെ പശു ഫാം തകർന്നു. തോപ്പിൽ അനിലിന്റെ തേക്ക് കടപുഴകി വൈദ്യുത ലൈനിൽ വീണു.
ബുധനാഴ്ച പ്രദേശത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഇതെത്തുടർന്ന് പലയിടങ്ങളിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.മണിമലയാറ്റിലടക്കം ജലനിരപ്പ് ഉയരുകയും ചെയ്തു.എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.