രാത്രി 8 മണിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം. 6 മത്സരങ്ങളില്‍ നിന്ന് 4 വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ഐഎസ്‌എല്‍ പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ കൊല്‍ക്കത്തയില്‍ 2-1ന് വുകമനോവിച്ചിന്റെ ടീം തോല്‍പ്പിച്ചിരുന്നു.
ഇടവേളയ്ക്ക് ശേഷം വീണ്ടും മൈതാനത്ത് ഇറങ്ങുന്ന കൊമ്ബന്മാര്‍ക്ക് സന്തോഷം പകര്‍ന്ന് മൂന്ന് താരങ്ങള്‍ തിരിച്ചെത്തുകയാണ്. മൂന്ന് മത്സരങ്ങളിലെ സസ്പെൻഷൻ കഴിഞ്ഞ ഡിഫൻഡര്‍മാരായ മിലോസ് ഡ്രിൻസിച്ചും പ്രബീര്‍ ദാസും കളിക്കാൻ യോഗ്യരാണ്. ഇതിനൊപ്പം ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന മാര്‍ക്കോ ലെസ്കോവിച്ചും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരാഴ്ചയായി ട്രെയിനിംഗില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്.
അതേസമയം ഒരേസമയം നാല് വിദേശ താരങ്ങളെ മാത്രമെ കളിപ്പിക്കാൻ പറ്റുകയുള്ളു.ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും കഴിഞ്ഞ മത്സരത്തിലെ ഗോള്‍ സ്‌കോറര്‍മാരായ ദിമി, സകായ് എന്നിവരും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ഇറങ്ങുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പിന്നെ ഒരു വിദേശ താരത്തെ മാത്രമെ ബ്ലാസ്റ്റേഴ്‌സിന് കളിപ്പിക്കാൻ കഴിയുകയുള്ളു.
സെന്റര്‍ ബാക്കുകളായ മിലോസ് ഡ്രിൻസിച്ച്, ലെസ്കോവിച്ച് എന്നിവരില്‍ ഒരാള്‍ക്ക് മാത്രമെ ഇറങ്ങാൻ പറ്റുകയുള്ളു.
ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ആദ്യ മൂന്ന് മത്സരങ്ങളില്‍ ഡ്രിൻസിച്ച് ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. മാര്‍ക്കോ ലെസ്കോവിച്ച് കൊമ്ബന്മാരുടെ വിശ്വസ്തനായ പ്രതിരോധ ഭടനാണെങ്കിലും ദീര്‍ഘകാലമായി കളത്തിന് പുറത്താണ്. ഈ സാഹചര്യത്തില്‍ ലെസ്‌കോ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങാൻ സാധ്യത കുറവാണ്.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം തുടരാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുക. 6 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമ്ബാദ്യം. ഗോവയ്ക്കും ഇത്ര തന്നെ പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ ഡിഫറൻസില്‍ അവരാണ് മുന്നില്‍.
അതേസമയം കഴിഞ്ഞതിന്റെ മുൻപത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപ്പിച്ച് ഐഎസ്എൽ ജേതാക്കളായ ഹൈദരാബാദിന് പുതിയ കോച്ച് തംഗ്ബോയി സിംഗ്തോയുടെ ശിക്ഷണത്തില്‍ ഇതുവരെ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെ കളിച്ച 6 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാൻ ഹൈദരാബാദ് എഫ്സിക്കായിട്ടില്ല. മൂന്ന് തോല്‍വിയും മൂന്ന് സമനിലകളുമാണ് അവര്‍ ഇതുവരെ നേടിയത്. ലീഗില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് എഫ്സി മാത്രമാണ് അവര്‍ക്ക് പിന്നില്‍ ഉള്ളത്.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്സിയും ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരങ്ങള്‍ ഇരു ടീമുകളും ജയിക്കുകയായിരുന്നു. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍, ഹൈദരാബാദില്‍ വുകമനോവിച്ചിന്റെ ടീം ഒരു ഗോളിന് വിജയിച്ചിരുന്നു.