CrimeNEWS

ക്രാഷ് ബാരിയറുകളുടെ തൂണുകള്‍ സ്ഥിരമായി മോഷ്ടിക്കുന്ന വെറൈറ്റി കള്ളന്‍ ഒടുവിൽ കുടുങ്ങി; 21 ക്രാഷ് ബാരിയറുകളുടെ തൂണുകളും കണ്ടെടുത്തു

ഇടുക്കി: ദേശീയ പാതയുള്‍പ്പെടെയുളള റോഡുകളുടെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകളുടെ തൂണുകള്‍ സ്ഥിരമായി മോഷ്ടിക്കുന്ന ആള്‍ പിടിയില്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പട്രോളിംഗിനിടെ മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. പീരുമേട് ലാഡ്രം ലക്ഷംവീട് കോളനി സ്വദേശി വിജയകുമാര്‍ ആണ് പിടിയിലായത്.

കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴ കടുവപ്പാറയ്ക്കു സമീപം പട്രോളിംഗ് നടത്തികയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഈ സമയത്താണ് വിജയകുമാര്‍ ക്രാഷ് ബാരിയറുകളുടെ തൂണുകള്‍ മോഷ്ടിക്കാനെത്തിയത്. വഴിയരികിലെ ക്രാഷ് ബാരിയറുകള്‍ ഉറപ്പിച്ചിരുന്ന തൂണുകള്‍ മോഷ്ടിക്കുകയാണ് വിജയകുമാറിന്റെ രീതി.

Signature-ad

തൂണുകളിലെ സ്‌ക്രൂകള്‍ അഴിക്കുന്നതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കാണുന്നത്. ഇയാളെത്തിയ ഓട്ടോ റിക്ഷയില്‍ നിന്നും 21 ക്രാഷ് ബാരിയറുകളുടെ തൂണുകളും കണ്ടെടുത്തു. തുടര്‍ന്ന് വിജയകുമാറിനെ കസ്റ്റഡിയില്‍ എടുത്തത് പീരുമേട് പൊലീസിന് കൈമാറുകയായിരുന്നു. മുന്‍പും സമ്മാനരീതിയില്‍ വിവിധ ഇടങ്ങളില്‍ നിന്ന് തൂണുകള്‍ മോഷ്ടിച്ചതായി വിജയകുമാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന തൂണുകള്‍ തമിഴ്‌നാട്ടിലെത്തിച്ചാണ് വില്‍ക്കുന്നത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: