തൃശൂർ: ദേശീയ പാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുമ്പാറയിൽ ഇടിഞ്ഞ റോഡിന്‍റെ നിർമ്മാണം, നാല് മാസമായിട്ടും പൂർത്തിയായില്ല. മഴയെത്തുടർന്ന് ജോലി തടസ്സപ്പെട്ടതിനാൽ 3 മാസം കൂടി അധികം വേണമെന്നാണ് കരാർ കമ്പനി ആവശ്യപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അന്ത്യ ശാസനം. കഴിഞ്ഞ ജൂലൈ മാസത്തിലെ മഴയിലാണ് വഴുക്കുമ്പാറയിൽ റോഡ് ഇടിഞ്ഞത്. പണി തീർത്ത് തുറന്നു കൊടുത്തിട്ട് കൊല്ലം ഒന്നായപ്പോഴായിരുന്നു റോഡിനു വിള്ളലുണ്ടായത്.
റവന്യൂ മന്ത്രിയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടം വിളിച്ച യോഗത്തിൽ 120 ദിവസത്തിനകം സംരക്ഷണ ഭിത്തി കെട്ടി റോഡ് പണി പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം നൽകിയത്. ഈ മാസം ആദ്യം തീരേണ്ട പണി ഇപ്പോഴും തീർന്നിട്ടില്ല. കരാർ കമ്പനിയായ കെ.എം.സി ജില്ലാ കളക്ടറോട് മൂന്നു മാസം കൂടി അധികം ചോദിക്കുകയും ചെയ്തു. ദേശീയ പാത അധികൃതർക്കും കാലാവധി നീട്ടിച്ചോദിച്ച് കെഎംസി കത്തു നൽകിയിട്ടുണ്ട്. മഴ കാരണം പണി തടസ്സപ്പെട്ടെന്നായിരുന്നു കരാർ കമ്പനിയുടെ വാദം. മൂന്നു മാസം അനുവദിക്കാനാവില്ലെന്നു മറുപടി നൽകിയ കളക്ടർ കൃഷ്ണ തേജ ഡിസംബറോടെ പണി തീർക്കണമെന്ന് അന്ത്യശാസനവും നൽകി. മഴ കാരണം നഷ്ടപ്പെട്ട പ്രവൃത്തി ദിനം കണക്കാക്കി ചെറിയ ഇളവ് നൽകാനാണ് നിലവിൽ ദേശീയ പാത അധികൃതർ ആലോചിക്കുന്നത്.
എന്നിട്ടും പണിതീർന്നില്ലെങ്കിൽ കരാർ കമ്പനിയിൽ നിന്ന് പിഴയീടാക്കുമെന്നും ദേശീയ പാത അധികൃതർ അറിയിച്ചു. റോഡു നിർമ്മാണത്തെത്തുടർന്ന് ഒറ്റവരിയിലാണ് ഈ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ശബരിമല സീസണായതോടെ കൂടുതൽ വാഹനങ്ങൾ ഇതുവഴി വന്നു പോകുന്നുണ്ട്. ഇപ്പോൾ പണി നടക്കുന്നതിന് എതിർ വശത്തും വിള്ളൽ കണ്ടിരുന്നു. അവിടെയും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുള്ള അനുമതിയായിട്ടുണ്ട്.