NEWSWorld

സൗദിയിലെ തൊഴിലിടങ്ങളിൽ വൻ മാറ്റങ്ങൾ, പുതിയ നിയമങ്ങൾക്ക് ഭരണകൂടത്തിന്റെ അംഗീകാരം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

റിയാദ്: സർക്കാരിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓവർടൈം ജോലിക്കുള്ള നിയമങ്ങൾ സൗദി സർക്കാർ അംഗീകരിച്ചു. സൗദി ഒഫീഷ്യൽ ഗസറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സ്വതന്ത്ര ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങളുള്ള എല്ലാ പൊതു സ്ഥാപനങ്ങൾക്കും ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഔദ്യോഗിക അവധി ദിവസങ്ങളിലും ചില ജീവനക്കാരെ ജോലിക്ക് നിയോഗിക്കാൻ അധികാരപ്പെടുത്തുന്ന ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്.

ജീവനക്കാരെ ഓവർ ടൈം ജോലിക്കായി നിയോഗിക്കുമ്പോൾ സ്ഥാപനങ്ങൾ കൃത്യമായ നിയമാവലികൾ പിന്തുടരണം. ജീവനക്കാർക്ക് നൽകുന്ന ജോലി സംബന്ധമായ കാര്യങ്ങൾ അതത് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾ അംഗീകരിച്ച സാമ്പത്തിക, ഭരണപരമായ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണം. ധനകാര്യ, മാനവ വിഭവശേഷി മന്ത്രാലയങ്ങളുമായുള്ള കരാറിൽ, ഓരോ സ്ഥാപനവും ജോലിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നതെന്ന് ഉറപ്പുവരുത്തണം.

ഓവർ ടൈം ജോലിക്കായി നിയോഗിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകൾ സ്ഥാപനങ്ങൾ തന്നെ കണ്ടെത്തണം. ഇതുമൂലം പൊതുഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാകാൻ പാടില്ലെന്ന നിർദ്ദേശവും സൗദി ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്.
അതേസമയം, ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ വലിയൊരു സമൂഹം തന്നെയുന്നുണ്ട്.

അടുത്തിടെ തൊഴിൽ വിപണിയെ നിയന്ത്രിക്കാനും അതിന്റെ ആകർഷണം വർദ്ധിപ്പിക്കാനും രാജ്യം ശ്രമിച്ചിരുന്നു. 2020ൽ സൗദി അറേബ്യ പ്രധാനപ്പെട്ട തൊഴിൽ പരിഷ്‌കാരങ്ങൾ അവതരിപ്പിച്ചിരുന്നു, സ്‌പോൺസർഷിപ്പ് സംവിധാനം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു.

അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന പരിഷ്‌കാരങ്ങൾ, തൊഴിൽ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികൾക്ക് എക്‌സിറ്റ്, റീ-എൻട്രി വിസ അനുവദിക്കുകയും ചെയ്യുന്നു.

Back to top button
error: